സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൻ്റെ തലേന്ന് വീണ്ടും ക്രിമിനൽ കേസ് പ്രതികളെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച വിഷയം അടക്കം ചർച്ചയാകും. തിങ്കളാഴ്ച പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും.
മുതിർന്ന നേതാവ് രാജു എബ്രഹാമാണ് സമ്മേളന നഗരിയിലെ പതാക ഉയർത്തിയത്. സംസ്ഥാന മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുത്തു. ന്യുനപക്ഷ ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ ചെറുത്തു തോൽപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി. തിരുവല്ലയിലെ വിഭാഗീയതയും സംഘർഷവും, എഡിഎം നവീൻ ബാബുവിൻ്റെ മരണം, പാർട്ടിയിലേക്ക് ക്രിമിനൽ കേസ് പ്രതികളെ സ്വീകരിക്കുന്നതിലൂടെയുള്ള പേരുദോഷം, ഈ വിവാദങ്ങൾക്കിടെയാണ് സമ്മേളനം. റൗഡി പട്ടികയിൽ പെട്ടയാളെയും വധശ്രമക്കേസ് പ്രതിയെയും അടക്കമാണ് ഇന്നലെ മാലയിട്ട് സ്വീകരിച്ചത്. മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽപ്പെ'ട്ട സിദ്ദിഖ്, വധശ്രമ കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ അരുൺ തുടങ്ങിയവരാണ് സിപിഎമ്മിൽ ചേർന്നത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും മുതിർന്ന നേതാവ് രാജു എബ്രഹാമും ചേർന്നാണ് ഇവരെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. വിവാദം ആകും എന്നറിഞ്ഞാണ് കുറ്റവാളികളുമായി ചർച്ചനടത്തിയതും സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50ഓളം പേർ ഇന്നലെ പാർട്ടിയിൽ ചേർന്നതും . പരമാവധി ആളുകളെ മറ്റു പാർട്ടികളിൽ നിന്ന് അടർത്തിയെന്ന ഖ്യാതിയോടെ ഇറങ്ങാനാണ് മൂന്നാം ടേം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിൻ്റെ ശ്രമം . സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ ചരടുവലി നടത്തുമ്പോൾ മൽസരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.