വിശദീകരണ കത്ത് അയച്ച എന്‍.പ്രശാന്തിന്‍റെ കാര്യത്തിലെ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി. കത്തിനെ കാര്യമായി എടുക്കേണ്ടെന്നും തീരുമാനം. പ്രശാന്തിനെതിരെ സര്‍ക്കാരും കടുത്ത നടപടിയിലേക്ക് പോയേക്കുമെന്നാണ് സൂചന.
കുറ്റാരോപിത മെമ്മോയ്ക്ക് മറുപടിയായുളള എന്‍.പ്രശാന്തിന്‍റെ വിശദീകരണ കത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമ്പരപ്പാണുണ്ടാക്കിയത്. നേരത്തെ വക്കീല്‍ നോട്ടിസും ഇപ്പോള്‍ വിശദീകരണകത്തും കൂടി ആയപ്പോള്‍ പ്രശാന്തിനെതിരെയുള്ള തുടര്‍നടപടിയില്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നാണ് ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ നിലപാട്. ഇതുവരെയുള്ള കാര്യങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. നിലവിലെ സ്ഥിതിയില്‍ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ സിവില്‍ സര്‍വീസിന്‍റെ മുന്നോട്ടുള്ള പോക്കില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്നാണ് നിലപാട്. സര്‍ക്കാരിനും ഇപ്പോഴത്തെ ഐ.എ.എസ് പോര് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഒരിടവേളയ്ക്കുശേഷമാണ് ഉദ്യോഗസ്ഥരുടെ പോര് ഇത്ര പരസ്യമാകുന്നത്. അതുകൊണ്ടു തന്നെ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ പോയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പ്രശാന്തിന്‍റെ വിശദീകരണ കത്തില്‍ മറുപടി നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തല തീരുമാനം. ഇക്കാര്യത്തിലെ വിശദീകരണം അന്വേഷണ കമ്മിഷന്‍ വരുമ്പോള്‍ തേടാവുന്നതാണെന്ന നിലപാടാണ് ചീഫ് സെക്രട്ടറിക്കുമുള്ളത്. ചാര്‍ജ് മെമ്മോയ്ക്ക് മറുപടി കിട്ടുമ്പോഴാണ് സാധാരണ അന്വേഷണത്തിനു കമ്മിഷനെ നിയോഗിക്കുക. നേരത്തെ എന്‍.പ്രശാന്ത് അയച്ച വക്കീല്‍ നോട്ടിസിലും എ.ജിയുമായടക്കം ചീഫ് സെക്രട്ടറി ആശയവിനിമയം നടത്തിയിട്ടുണ്ട്.