പെരിയ ഇരട്ടകൊലപാതക കേസിൽ വിധി പറഞ്ഞ സിബിഐ കോടതി മുറിയിൽ നാടകീയ നീക്കങ്ങളാണ് പ്രതികൾ നടത്തിയത്. വധശിക്ഷ തരണമെന്ന് പതിനഞ്ചാം പ്രതി ആവശ്യപ്പെട്ടപ്പോൾ വികാരാധീനനായാണ് ഏഴാം പ്രതി എ. അശ്വിൻ എന്ന അപ്പു കോടതിയിൽ സംസാരിച്ചത്. പതിനെട്ടാം വയസ് മുതൽ ജയിലിലാണ്, പട്ടാളക്കാരനാകാൻ ആഗ്രഹിച്ചു എന്നായിരുന്നു അശ്വിൻ കോടതിയിൽ പറഞ്ഞത്.
ഡിഗ്രി പഠിച്ച് പാസാകണമെന്ന് ആഗ്രഹിച്ചു, ആറു വർഷമായി ജയിലിലാണ്, വീട്ടുകാരെ കണ്ടിട്ടില്ല എന്നിങ്ങനെ പറഞ്ഞ് വിതുമ്പുകയായിരുന്നു അശ്വിൻ. അതേസമയം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഏഴാം പ്രതി. പീതാംബരൻറെ നേതൃത്വത്തിൽ ഒന്ന് മുതൽ എട്ടു വരെയുള്ള പ്രതികളെയാണ് കൊലപാതകത്തിനായി നിയോഗിച്ചത്. ഏഴാംപ്രതി അശ്വിൻ എന്നിവർ വാളുകൾ ഉപയോഗിച്ചാണ് കൃത്യത്തിൽ പങ്കെടുത്തത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
പീതാംബരൻറെ നേതൃത്വത്തിൽ കൊലപാതകത്തിൽ പങ്കെടുത്ത രണ്ടാമത്തെ സംഘത്തിലാണ് അശ്വിൻ ഉണ്ടായിരുന്നത്. സജി, അനിൽകുമാർ, ശ്രീരാഗ് എന്നിവർക്കൊപ്പം KL14J 5683 എന്ന സൈലോ കാറിലാണ് അശ്വിൻ ഉണ്ടായിരുന്നത്. ശരത് ലാലിന്റെയും കൃപേഷിൻറെയും ബൈക്ക് ആക്രമിച്ച ശേഷം ശരത് ലാലിനെ വാളുകൊണ്ട് ആക്രമിച്ചതിൽ ഒരാൾ അശ്വിനാണെന്ന് കുറ്റപത്രത്തിലുണ്ട്.
പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി സിബിഐ കോടതി. സിപിഎം നേതാക്കളായ എ.പീതാംബരനും കെ.മണികണ്ഠനും രാഘവൻ വെളുത്തോളിയും കുറ്റക്കാരുടെ പട്ടികയിലുണ്ട്. 10 പേരെ കുറ്റവിമുക്തരാക്കി. കേസിലെ ശിക്ഷ ജനുവരി മൂന്നിന് വിധിക്കും.