ആറുവർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി ഇന്ന്. കൊച്ചിയിലെ സിബിഐ കോടതി രണ്ടിലാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനങ്ങളുണ്ടാക്കിയ കേസിൽ രണ്ട് വർഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് വിധി പറച്ചിൽ.
രാഷ്ട്രീയ പകയെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത്ലാലിനെയും തടഞ്ഞുനിർത്തി സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം കേരള പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസിൽ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമനടക്കം 24 പ്രതികളാണുള്ളത്.
ഒന്നാം പ്രതിയായ പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി കുഞ്ഞിരാമൻ അടക്കം 10 പ്രതികളെ സിബിഐയും അറസ്റ്റ് ചെയ്തു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കലടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഒന്നാംപ്രതിയടക്കം 16 പ്രതികൾ ഇപ്പോളും ജയിലിലാണ്.