രാജ്യത്ത് ഔദ്യോഗിക ദുഖാചരണം നിലനിൽക്കെ കേന്ദ്ര നിർദ്ദേശം ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചെയ്തി വിവാദത്തിലേയ്ക്ക്. മുഖ്യമന്ത്രിയുടെ നടപടി മുൻ പ്രധാനമന്ത്രിയോടുള്ള അനാദരവാണ് എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയെ വിമർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ഔചിത്യമില്ലേ എന്ന വിമർശനവും വ്യാപകമാണ്.
പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ നിർദ്ദേശം നിലനിൽക്കെയാണ് കൊച്ചിയിൽ സിയാലിൻ്റെ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തത്. താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ഉദ്ഘാടനമായിരുന്നു ചടങ്ങ്. മന്ത്രി പി. രാജീവും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുടെ പങ്കാളിത്തമുള്ള സ്ഥാപനമാണ് സിയാൽ. മുൻപ്രധാനമന്ത്രി ഡോ. മൻഹോൻസിങിൻ്റെ സംസ്കാര ചടങ്ങ് ഡൽഹിയിൽ നടന്ന അതേ സമയത്തായിരുന്നു ഇവിടെ ഉദ്ഘാടന ചടങ്ങ്. ഇതിനെതിരെ കടത്ത വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.
പിന്നാലെ, മുഖ്യമന്ത്രി ഇന്നത്തെ പരിപാടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പി.കെ.കുഞ്ഞാലികുട്ടിയും പറഞ്ഞു. വിഷയത്തിൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറും, സിയാലും വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.