ആറ് വർഷങ്ങൾക്ക് ശേഷം പെരിയ കേസിൽ വിധി വരുമ്പോൾ കോടതിമുറ്റത്ത് മൂകസാക്ഷികളായി കൊലക്കേസ് പ്രതികളുടെ വാഹനങ്ങൾ. രണ്ടാം പ്രതി സജിയുടെ കാറടക്കം കാലം മായ്ക്കാത്ത കൊലപാതകത്തിന്റെ മുദ്രയുമായി കോടതിമുറ്റത്തുണ്ട്. ക്രൂരകൊലപാതകത്തിന്റെ ഓർമപ്പെടുത്തലാണ് വാഹനങ്ങൾക്ക് മുകളിലെ പെരിയ മർഡർ എന്ന എഴുത്ത്.
കൊച്ചി സിബിഐ കോടതി മുറ്റത്ത് ഇനി അവശേഷിക്കുന്നത് ഒരു കാറും ഒരു ജീപ്പും ഏതാനും ബൈക്കുകളും മാത്രം. പെരിയ ഇരട്ടക്കൊലപാതക ക്കേസിലെ തൊണ്ടിമുതലുകളുടെ പട്ടികയിലാണ് ഈ വാഹനങ്ങൾ. കെഎൽ 14 ജെ രജിസ്ട്രേഷനിൽ പെട്ട ഈ വാഹനം രണ്ടാം പ്രതി സജിയുടേതാണ്. 2019 ഫെബ്രുവരി 17 ന് കൊലയാളി സംഘം എത്തിയ വാഹനങ്ങളിലൊന്ന്. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി, അനില്‍കുമാര്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവര്‍ എത്തിയത് ഈ കാറിലാണ്. എച്ചിലടുക്കത്തെ പീതാംബരന്‍റെ കെട്ടിടത്തിൽ നിന്ന് ഇരുമ്പ് പൈപ്പുകളും നാലാംപ്രതി അനിലിന്‍റെ വീട്ടിൽ നിന്ന് ഒരു വാളും എത്തിച്ചത് ഇതേ കാറിൽ. കൊലയാളി സംഘത്തിലെ ജിജിന്‍, സുരേഷ്, സുബീഷ് എന്നിവര്‍ KL60E രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് ഡിസൈര്‍ കാറിലാണ് എത്തുന്നത. ഇവർക്ക് പിന്നാലെ പതിനാറാംപ്രതിയായിരുന്ന ശാസ്ത മധു KL60G രജിസ്ട്രേഷനിലുള്ള ടവേര കാറിലും അക്രിസംഘത്തെ അനുഗമിച്ചു. ശാസ്ത മധുവിന്‍റേതാണ് കോടതി മുറ്റത്തെ ഈ ജീപ്പ്. കൃത്യത്തിനും അതിന് ശേഷം രക്ഷപ്പെടാനും ഉപയോഗിച്ച ആറ് കാറുകളും അത്രതന്നെ ബൈക്കുകളാണ് സിബിഐ പിടികൂടി തൊണ്ടിയാക്കിയത്. ഭൂരിഭാഗം വാഹനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ കോടതി മുറ്റത്ത് നിന്ന് വിടുതൽ നൽകി. മിച്ചമുള്ളവ ആരും കൊലയുടെ അവശേഷിപ്പുകളായി പൊടിയും കാടും പിടിച് ഇവിടെ തുടരുന്നു.