ep-jayarajan-03

ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ ഡിസി.ബുക്സിനെ ഉപയോഗിച്ചു. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ‍ഡിസി ബുക്സ് കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും ഇ.പി.ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. 

 

അതേസമയം, ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജൻ കൂടുതൽ വ്യക്തതയോടെ പുതിയ പരാതി നൽകിയാൽ കേസെടുക്കാമെന്ന് പൊലീസ്. ആത്മകഥ ചോർന്നത് ഡിസി ബുക്സിലെ പ്രസിദ്ധീകരണ വിഭാഗം മേധാവിയിൽ നിന്നെന്നും പൊലീസ് നിഗമനം. പ്രസിദ്ധീകരണ വിഭാഗം മേധാവിക്കെതിരെ ഡിസി ബുക്സ് പരാതി നൽകിയാലും കേസെടുക്കാം എന്ന് കോട്ടയം എസ് പി റിപ്പോർട്ട് നൽകി.

ഉപതിരഞ്ഞെടുപ്പ് നാളിൽ രാഷ്ട്രീയ ബോംബായി പുറത്തുവന്ന കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം എന്ന ആത്മകഥയ്ക്ക് പിന്നിലെ സത്യം അറിയണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണം എന്നാണ് പോലീസ് നിലപാട്.  ഇ പി ജയരാജന്റെ പരാതിയിലെ പ്രാഥമിക അന്വേഷണത്തിൽ നിന്നും ഡി.സി ബുക്സിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാറിന്റെ കൈകളിൽ നിന്നാണ് ആത്മകഥ ചോർന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ആത്മകഥ ഡിസി ബുക്സിന് നൽകിയിട്ടില്ല എന്നാണ് ഇ പിയുടെ മൊഴി.

അതിനാൽ ആത്മകഥ എങ്ങനെ ഡിസി ബുക്സിൽ എത്തി എന്നതിലടക്കം ദുരൂഹതകൾ തുടരുകയാണ്. കേസെടുത്ത് കമ്പ്യൂട്ടറും മൊബൈൽ ഫോണുകളുമടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലൂടെ മാത്രമേ ദുരൂഹത നീക്കാനാവു. കേസെടുക്കാൻ 3 മാർഗ്ഗങ്ങളാണ് പോലീസ് മുന്നോട്ടുവയ്ക്കുന്നത്. വ്യക്തത വരുത്തി ഇ പി പുതിയ പരാതി നൽകുക. അല്ലെങ്കിൽ കോടതിയെ സമീപിച്ച് കേസെടുക്കാൻ ആവശ്യപ്പെടുക.  സ്ഥാപനത്തിന്റെ അനുവാദമില്ലാതെ ആത്മകഥ ചോർത്തിയെന്ന് ആരോപിച്ച് പ്രസിദ്ധീകരണ വിഭാഗം മേധാവിയ്ക്കെതിരെ ഡിസി ബുക്സ് പരാതി നൽകിയാലും കേസെടുക്കാം.

കോട്ടയം എസ്പി ഷാഹുൽ ഹമീദ് നൽകിയ റിപ്പോർട്ട് ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പരിശോധിക്കും. റിപ്പോർട്ട് അംഗീകരിച്ചാൽ കേസെടുക്കാനുള്ള മാർഗങ്ങൾ പോലീസ് തന്നെ ഇ.പി ജയരാജനെയും ഡിസി ബുക്സിനേയും അറിയിക്കും. ചുരുക്കത്തിൽ കേസെടുത്ത് സത്യം കണ്ടെത്തണോയെന്ന തീരുമാനം ഇനി ഇപിയുടെ കയ്യിലാണ്.

ENGLISH SUMMARY:

Autobiography controversy: Action will be taken against DC Books: EP