തൃശൂർ ഇരിങ്ങാലക്കുടയിൽ സൂപ്രണ്ടിന്റെ മാനസീക പീഡനത്തിൽ ഡെപ്യൂട്ടി നഴ്‌സിംങ്ങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവധി ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാ ശ്രമം.
തൃശൂർ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം. പേരമ്പ്ര സ്വദേശി മണ്ഡലി വീട്ടില്‍ ഡീന ജോണ്‍ ആണ് അത്മഹത്യയ്ക്ക് ശ്രമിച്ചത്. സൂപ്രണ്ട് ശിവദാസന്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ചാണ് ഡീന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്രിസ്തുമസിന് അവധി ചോദിച്ചിട്ട് നൽകിയില്ല. ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനാല്‍ നിര്‍ബദ്ധമായും പങ്കെടുക്കണമെന്ന അനദ്യോഗിക നിര്‍ദേശം ഉള്ളതിനാല്‍ ലീവ് നല്‍കാന്‍ സാധിക്കില്ലെന്ന് സൂപ്രണ്ട് പറഞ്ഞതായി ഡീന പറയുന്നു.
എന്നാല്‍ അന്നേ ദിവസം ഡീന അവധി എടുത്തു .ഇതിന് സൂപ്രണ്ട് മെമ്മോ നല്‍കിയിരുന്നു. മെമ്മോയ്ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന കാരണം പറഞ്ഞ് സൂപ്രണ്ടിന്റെ മുറിയിലേയ്ക്ക് വിളിച്ചു. അവിടെ വച്ച് അധിക്ഷേപിച്ച് സംസാരിച്ചു. ഇതിൽ മനം നൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഡീന പറഞ്ഞു.
ഒപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തക ഗുളികകള്‍ തട്ടികളഞ്ഞിരുന്നതിനാല്‍ കുറച്ച് ഗുളികകള്‍ മാത്രമാണ് അകത്ത് പോയത്. എന്നാൽ ആരോപണം സൂപ്രണ്ട് തള്ളി. സംഭവത്തിൽ ഡി. എം. ഓ തല അന്വേഷണം ആവശ്യപ്പെട്ട് ഗവൺമെൻറ് നഴ്സ്സ് അസോസിയേഷൻ രംഗത്ത് വന്നു. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് ഡീനയുടെ മൊഴി എടുത്തു.