കാസർകോട് എരിഞ്ഞിപ്പുഴയിൽ മുങ്ങി മരിച്ച വിദ്യാർഥികൾക്ക് നാടിന്റെ യാത്രാമൊഴി. എരിഞ്ഞിപ്പുഴ ജുമാമസ്ജിദിലായിരുന്നു മുഹമ്മദ് യാസിന്റെയും അബ്ദുൾ സമദിന്റെയും കബറടക്കം. മഞ്ചേശ്വരം ഉദ്യവാർ ജുമാ മസ്ജിദിലായിരുന്നു റിയാസിന്റെ സംസ്കാരം.
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി അവർ മടങ്ങി. ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന മൂന്ന് പേരും മരണത്തിലും ഒന്നിച്ചു. രാവിലെ മുതൽ എരിഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിൽ പൊതുദർശനം. ശേഷം റിയാസിന്റെ മൃതദേഹം ജന്മനാടായ മഞ്ചേശ്വരത്തെക്ക് കൊണ്ടുപോയി. യാസിനെയും സമദിനെയും എരിഞ്ഞിപ്പുഴ ജുമാ മസ്ജിദിൽ കബറടക്കി.
മരിച്ച മൂന്നുപേരും സഹോദരങ്ങളുടെ മക്കളാണ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു നാടിനെയാകെ നടുക്കിയ അപകടം. കുടുബവീടിന് പുറകിലുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. നീന്തലറിയാത്ത റിയാസ് ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേരും മുങ്ങുകയായിരുന്നു. റിയാസിന്റെ മാതാവ് റംല പുഴയിൽ ചാടി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് റംലയെ കരയ്ക്കെത്തിച്ചത്. അവധി ആഘോഷിക്കാൻ കുടുബവീട്ടിൽ ഒത്തുകൂടിയതായിരുന്നു എല്ലാവരും.