കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് താഴേയ്ക്ക് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്ക് . തലച്ചോറിലും നടുവിനും ചതവുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശത്തിനും പരുക്കുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. തുടര്‍ചികില്‍സയില്‍ തീരുമാനം 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷമെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനാനെത്തിയപ്പോഴായിരുന്നു അപകടം . 20 അടി മുകളില്‍നിന്നായിരുന്നു വീഴ്ച. വെന്‍റിലേറ്റര്‍ സൗകര്യം നല്‍കുന്നുവെന്ന് ബെന്നി ബഹനാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍, മന്ത്രി സജി ചെറിയാന്‍, കലക്ടര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. എംഎല്‍എ വീണ വി.ഐപി. ഗാലറിയില്‍ ബാരിക്കേഡ് ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിരുന്നില്ല . സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡിസിപി കെ.എസ്.സുദര്‍ശന്‍ അറിയിച്ചു. 

ENGLISH SUMMARY:

MLA Uma Thomas falls 20 feet from Kaloor stadium gallery, hospitalised with head injury