കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിലെ സുരക്ഷാവീഴ്ചയാണ് ഉമ തോമസ് എംഎല്‍എയ്ക്ക് സംഭവിച്ച അപകടത്തിനു കാരണമെന്ന് പ്രാഥമിക പരിശോധനയില്‍ നിന്നുതന്നെ വ്യക്തമാണ്. നൃത്തപരിപാടി തുടങ്ങി 10മിനിറ്റ് കഴിഞ്ഞാണ് എംഎല്‍എ ഗാലറിയിലെത്തിയത്. കോണിപ്പടി കയറിയാണ് ഒന്നാംനിലയിലെത്തിയത് . ഗാലറിയുടെ അപ്പുറത്തെ വശത്തിരിക്കുന്ന മന്ത്രി സജി ചെറിയാനോടടക്കം സംസാരിച്ച ശേഷമാണ് എംഎല്‍എ ഗാലറിയുടെ ഇപ്പുറത്തെ വശത്തേക്കെത്തിയത്. കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴാന്‍ പോയപ്പോള്‍ റിബണില്‍ പിടിക്കുകയും പിന്നാലെ താഴേക്ക് വീഴുകയുമായിരുന്നു.
അന്താരാഷ്ട്ര പദവിയുള്ള സ്റ്റേഡിയമായിട്ടും സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും ജാഗ്രതയില്ലായിരുന്നെന്ന് ഈ അപകടത്തില്‍ നിന്നും വ്യക്തമാണ്. മുകളിലത്തെ നിലയില്‍ ബാരിക്കേഡിനു പകരം റിബണ്‍ വലിച്ചുകെട്ടിയ സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയത്. മന്ത്രിയും എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇന്ന കലൂരില്‍ നടന്നത്. സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനാനെത്തിയപ്പോഴായിരുന്നു അപകടം . 20 അടി മുകളില്‍നിന്നായിരുന്നു വീഴ്ച.
അതേസമയം തലച്ചോറിലും നടുവിനും ചതവുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വസകോശത്തിനും പരുക്കുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. തുടര്‍ചികില്‍സയില്‍ തീരുമാനം 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷമെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോടു പറഞ്ഞു. എംഎല്‍എയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡിസിപി കെ.എസ്.സുദര്‍ശന്‍ അറിയിച്ചു.