കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് താഴേയ്ക്ക് വീണ് ഉമാ തോമസ് എംഎല്‍എയ്ക്കു പരുക്ക്. ഉമാതോമസ് എംഎല്‍എ ഗാലറിയുടെ വശത്തുനില്‍ക്കവെ കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതിയാണ് താഴേയ്ക്ക് വീണതെന്ന് റിപ്പോര്‍ട്ട്. കോണ്‍ക്രീറ്റ് കല്ലില്‍ തലയിടിച്ചുവീണ എംഎല്‍എയുടെ തലയ്ക്ക് മുകളിലേക്ക് ബാരിക്കേഡ് ആയി കെട്ടിയ കമ്പികളും വീണതായി റിപ്പോര്‍ട്ട്. ഇതോടെ ഗാലറിയിലെ സുരക്ഷാക്രമീകരണങ്ങളടക്കം ചോദ്യം ചെയ്യപ്പെടുകയാണ്.
സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ചത്. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കേറ്റ പരുക്ക് ഗുരുതരമാണോ എന്ന് പരിശോധിച്ചുവരികയാണ്. കലക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. മന്ത്രി സജി ചെറിയാനടക്കം പങ്കെടുത്ത പരിപാടിയിലാണ് അപകടമുണ്ടായത്.
ഗാലറിയുടെ വശത്ത് കൃത്യമായ സുരക്ഷ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അപകടം. അപകടം നടന്നയുടനെ എംഎല്‍എയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് എംഎല്‍എ ഉള്ളത്.
ഗാലറിയിലേക്കെത്തിയ എംഎല്‍എ മന്ത്രിയോടടക്കം സംസാരിക്കാനായി ശ്രമിക്കുകയായിരുന്നു. കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനെടയായിരുന്നു അപകടം. കോണിപ്പടി കയറിയാണ് എംഎല്‍എ ഗാലറിയുടെ ഒന്നാംനിലയിലെത്തിയത്. ഗാലറിയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാനോടടക്കം സംസാരിച്ച ശേഷമാണ് എംഎല്‍എ ഇരിക്കാനായി ശ്രമിച്ചത്.