TOPICS COVERED

കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്കു ഗുരുതര പരുക്കേറ്റതില്‍ സമഗ്ര അന്വേഷണം വേണമെന്നു കോണ്‍ഗ്രസ്. 

ഒരു സുരക്ഷാമാനദണ്ഡവും സംഘാടകര്‍ ഒരുക്കിയിരുന്നില്ല. പരിപാടിക്ക് പൊലീസ് അനുമതി നല്‍കിയത് എന്തടിസ്ഥാനത്തിലെന്നും കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു.

Read Also: എംഎല്‍എ പിടിച്ചത് റിബണ്‍ കെട്ടിയ കമ്പിയില്‍; വീണ ശേഷവും പരിപാടി തുടര്‍ന്നു: ദൃക്സാക്ഷി

ലോക റെക്കോർഡ് ലക്ഷ്യമിട്ട് 12,000 നർത്തകർ ചേർന്ന് ഭരതനാട്യം അവതരിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു എംഎൽഎ.  നിലവിൽ പാലാരിവട്ടം സ്വകാര്യ ആശുപത്രിയിലെ ഐസിയു വെന്റിലേറ്ററിലാണ്. വീഴ്ചയിൽ എംഎൽഎയുടെ തലയുടെ പിന്നിൽ ക്ഷതമേറ്റു. തലച്ചോറിനും നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചതിനെത്തുടർന്നു ശ്വാസകോശത്തിലും പരുക്കേറ്റു. മുഖത്തെ ചില അസ്ഥികളിൽ പൊട്ടലുണ്ട്. തലച്ചോറിലെ പരുക്കിനു നിലവിൽ ശസ്ത്രക്രിയ ചെയ്യില്ല. എംഎൽഎയുടെ സ്ഥിതി പരിശോധിച്ച്, സ്ഥിതി മെച്ചപ്പെട്ടെങ്കിലാണ് ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കൂ. 24 മണിക്കൂർ നിരീക്ഷണത്തിലാണ്. നിലവിലെ സാഹചര്യത്തി‍ൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റില്ല. ആവശ്യമെങ്കിൽ, വിദഗ്ധ മെഡിക്കൽ സംഘത്തെ ആശുപത്രിയിലെത്തിക്കും. വിദഗ്ധ സംഘത്തിന്റെ ഉപദേശവും തേടും. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡിനു രൂപം നൽകാൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

മന്ത്രിമാരായ പി.രാജീവ്, സജി ചെറിയാൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ഹാരിസ് ബീരാൻ, എംഎൽഎമാരായ ടി.ജെ.വിനോജ്, അൻവർ സാദത്ത്, കലക്ടർ എൻ.എസ്.കെ. ഉമേഷ്, എഡിജിപി എസ്.ശ്രീജിത്, പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി.   

സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പുട്ട വിമലാദിത്യ. സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡിസിപി കെ.എസ്.സുദര്‍ശനും പറഞ്ഞു. എംഎല്‍എ വീണത് കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ച മൂലമെന്നും വേദി കെട്ടിയത് അശാസ്ത്രീയമായെന്നും ദൃക്സാക്ഷി സുഭാഷ് മനോരമ ന്യൂസിനോട് പറഞ്ഞു. വി.ഐപി. ഗാലറിയില്‍ ബാരിക്കേഡ് ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിരുന്നില്ല . എംഎല്‍എ പിടിച്ചത് റിബണ്‍ കെട്ടിവച്ച കമ്പിയിലെന്നും എംഎല്‍എ വീണ് പരുക്കേറ്റപ്പോഴും നൃത്തപരിപാടി തുടര്‍ന്നെന്നും ഇയാള്‍ പറഞ്ഞു. 

ENGLISH SUMMARY:

Uma Thomas suffered injuries in brain, lungs; on ventilator support: Hospital authorities