വടക്കുകിഴക്കൻ കരുത്തുമായെത്തിയ മണിപ്പൂരിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ 5–1നാണ് കേരളം മണിപ്പൂരിനെ തോൽപ്പിച്ചത്. കേരളത്തിനായി പകരക്കാരൻ താരം മുഹമ്മദ് റോഷൽ ഹാട്രിക് നേടി. 73, 88, 90+4 മിനിറ്റുകളിലായിരുന്നു മുഹമ്മദ് റോഷലിന്റെ ഹാട്രിക് ഗോളുകൾ. ചൊവ്വാഴ്ച ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും

കേരളത്തിന്റെ മറ്റു ഗോളുകൾ നസീബ് റഹ്മാൻ (22-ാം മിനിറ്റ്), മുഹമ്മദ് അജ്സൽ (45+1) എന്നിവർ നേടി. മണിപ്പൂരിന്റെ ആശ്വാസഗോൾ പെനൽറ്റിയിൽനിന്ന് ഷുൻജന്തൻ റഗൂയ് (30–ാം മിനിറ്റ്) നേടി. ആദ്യ പകുതിയിൽ കേരളം 2–1ന് മുന്നിലായിരുന്നു.

ഉച്ചയ്ക്കു നടന്ന ആദ്യ സെമിയിൽ റോബി ഹൻസ്ഡയുടെ ഇരട്ടഗോളിന്റെ കരുത്തിൽ കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ സർവീസസിനെ വീഴ്ത്തിയാണ് ബംഗാൾ ഫൈനലിൽ കടന്നത്. 4-2നാണ് ബംഗാളിന്റെ വിജയം. റോബി ഹൻസ് ഡയാണ് പ്ലെയർ ഓഫ് ദ മാച്ച്. 11 ഗോളുകളുമായി റോബി സന്തോഷ് ട്രോഫിയിൽ ഗോൾ വേട്ടക്കാരിൽ മുന്നിലാണ്.

ENGLISH SUMMARY:

Santosh Trophy: Kerala crush Manipur to set up final with Bengal