മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയമുള്ള നടന്‍മാരില്‍ ഒരാളായ ദിലീപ് ശങ്കറിന്റെ വിയോഗവാര്‍ത്ത അങ്ങേയറ്റം ഞെട്ടലോടെയാണ് സീരിയല്‍ സിനിമാ പ്രേക്ഷകര്‍ കേട്ടത്. മിനിസ്ക്രീന്‍ രംഗത്തുമാത്രമല്ല സോഷ്യല്‍മീഡിയയിലും വളരെ സജീവമായിരുന്നു ദിലീപ് . കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സഹപ്രവര്‍ത്തകര്‍ക്കൊപ്പവുമുള്ള ഒട്ടേറെ റീലുകളും വിഡിയോകളും പ്രേക്ഷകഇഷ്ടം നേടിയവയായിരുന്നു. ദിലീപിന് സംഭവിച്ച അകാലവിയോഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹപ്രവര്‍ത്തകര്‍.
അസാധ്യ കഴിവുള്ള നടനായിരുന്നു ദിലീപ് ശങ്കറെന്ന് സഹപ്രവര്‍ത്തകയും നടിയുമായ സീമ ജി നായര്‍. ‘ദിലീപിന്റെ ശബ്ദവും ഭംഗിയും എല്ലാം ഒരു നടനെ പ്രേക്ഷകരിലേക്ക് ആകര്‍ഷിപ്പിക്കുന്നവയായിരുന്നു. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി അവന്റെ ദിനചര്യകളിലൊക്കെ വലിയമാറ്റം വന്നിരുന്നു. ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതമായിരുന്നു ദിലീപ് ശങ്കറിന്റേതെന്നും സീമ ജി നായര്‍ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെല്ലാം ഇക്കാര്യത്തില്‍ പലതവണ ദിലീപിനെ ഉപദേശിച്ചിട്ടുണ്ട്. അടുപ്പിച്ചൊരു മൂന്നുവര്‍ഷത്തോളം ദിലീപിനൊപ്പം ‘സുന്ദരി’ എന്ന സീരിയലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യകരമായ കാര്യങ്ങളൊന്നും ശ്രദ്ധിക്കില്ല. അത്രത്തോളം ഒപ്പംനിന്ന് എല്ലാവരും പറഞ്ഞു, ജീവിതം ഗൗരവമായെടുത്തില്ല ദിലീപ് , സില്ലിയായി കണ്ടു.
അഞ്ചുദിവസം മുന്‍പ് രാത്രി ഏതാണ്ട് പത്തരയായി കാണും , ദിലീപ് വിളിച്ചു, തലവേദന കാരണം വിശ്രമിക്കുകയായിരുന്നതിനാലും വിളിക്കുന്നത് മദ്യപിച്ചായിരിക്കും എന്നതുകൊണ്ടും ഫോണെടുത്ത് നാളെ വിളിക്കാം എന്നു പറഞ്ഞു , എന്താ ഇപ്പോള്‍ സംസാരിക്കാന്‍ പറ്റില്ലേയെന്ന് ദിലീപ് തിരിച്ചുചോദിച്ചെന്നും നാളെവിളിക്കാമെന്നു പറഞ്ഞെന്നും സീമ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ദിലീപിന്റെ മരണം അറിഞ്ഞതെന്നും സീമ പറയുന്നു. ഒന്നിച്ചുപ്രവര്‍ത്തിച്ചവരെല്ലാം വേദനയിലാണ്, പെട്ടെന്ന് അവനെ ഈശ്വരന്‍ വന്നുകൊണ്ടുപോയതല്ല, അവന്‍ എന്നെ കൊണ്ടുപോയ്ക്കോ എന്ന് അങ്ങോട്ട് പറഞ്ഞാണ് പോയതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
അസാമാന്യ മദ്യപാനമായിരുന്നെന്ന് പല റിപ്പോര്‍ട്ടുകളും ദിലീപിന്റെ മരണത്തിനു പിന്നാലേ വന്നിരുന്നു. ഒരു രക്ഷയുമില്ലാത്ത മദ്യപാനമായിരുന്നെന്ന് മറ്റ് സഹപ്രവര്‍ത്തകരും പറയുന്നു. അത്തരം അനുഭവം സുന്ദരി സീരിയല്‍കാലത്തുണ്ടായിരുന്നെന്ന് സീമയും ശരിവക്കുന്നു. വിളിച്ചാല്‍ ഫോണെടുക്കില്ലെന്നും കണ്‍ട്രോളര്‍മാര്‍ പോയി കൂട്ടിക്കൊണ്ടുവരുന്ന അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ടെന്നും ഒരു സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മദ്യപിച്ച് ഗന്ധമുള്ളതുകൊണ്ട് അഭിനയിക്കുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ വന്നതിന്റെ പേരില്‍ പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് പല സഹപ്രവര്‍ത്തകരും പറയുന്നു.
മിക്കവാറും ഒരു കലം മോരും തൈരും കുടിപ്പിച്ചാണ് ദിലീപിനെ അഭിനയിക്കാനായി കൊണ്ടുനിര്‍ത്തുന്നത്, ഇതൊക്കെ മിനിസ്ക്രീന്‍ മേഖലയില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. രാത്രി വിളിച്ചാല്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്യാന്‍ പ്രശ്നം പറയുന്നത് അതുകൊണ്ടാണ്. വിളിച്ചാല്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ തന്നെയും പിന്നേയും പറഞ്ഞുകൊണ്ടിരിക്കും, ലിവര്‍ സിറോസിസിന്റെ ലാസ്‌റ്റ് സ്റ്റേജിലായിരുന്നു ദിലീപെന്നാണ് മരണശേഷം അറിയാന്‍ സാധിച്ചത്. ഹൈ ഡോസ് മെഡിസിന്‍ ആണ് കഴിച്ചുകൊണ്ടിരുന്നത്, ഇനി മദ്യപിക്കരുതെന്ന് ഡോക്ടേഴ്സ് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നുവെന്നും സീമ ജി നായര്‍ പറയുന്നു.
മദ്യപിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ നിര്‍ത്തില്ല, ഭക്ഷണവും കഴിക്കില്ല, ഷൂട്ടില്ലെങ്കില്‍ ദിവസങ്ങളോളം ഇതുതന്നെയാകും കാര്യം. നാലു ദിവസം മുന്‍പ് മുറിയെടുത്തദിലീപ് കഴിഞ്ഞ ദിവസങ്ങളിലൊന്നും ഫോണെടുക്കാതിരുന്നതും അതുകൊണ്ടാകുമെന്നാണ് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പറയുന്നത്. വളരെ നല്ല ഒരു കുടുംബമുള്ള വ്യക്തിയാണ്. ഒരുപാട് വര്‍ക് നേരത്തേ കിട്ടിയിരുന്നു, എന്നാല്‍ ഈ അടുത്ത കാലത്ത് പല വര്‍ക്കുകളില്‍ നിന്നും മാറ്റിനിര്‍ത്തേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അതെല്ലാം മദ്യപാനത്തിന്റെ പേരിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചുദിവസം മുന്‍പ് വിളിച്ചപ്പോള്‍ സംസാരിക്കാന്‍ പറ്റിയില്ലെന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതോടെ അതിനുതാഴെ വന്ന് പലരും മോശം കമന്റുകള്‍ ഇടുന്നുണ്ട്. സംസാരിക്കാതിരുന്നതിനു കാരണം എന്താണെന്ന് തനിക്കല്ലേ അറിയുള്ളൂവെന്നും സീമ പറയുന്നു. സ്വബോധത്തോടെ സംസാരിക്കുന്നത് കേള്‍ക്കാമല്ലോ എന്നു കരുതിയാണ് പിറ്റേ ദിവസം വിളിക്കാന്‍ പറഞ്ഞത്. അങ്ങേയറ്റം വേദനയുണ്ട്, അവന്‍ അവന്റ ജീവിതം സ്വയം ഇല്ലാതാക്കിയതാണ്. കുടുംബം വളരെ സെറ്റില്‍ഡ് ആണ് സ്വന്തമായി ഒരു ചപ്പാത്തിക്കമ്പനി ഉണ്ടായിരുന്നുവെന്നും സീമ ജി നായര്‍ ഓര്‍ക്കുന്നു.
ഇന്ന് രാവിലെയാണ് സിനിമ, സീരിയൽ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാപ്പ കുരിശ് , നോർത്ത് 24 കാതം, ഏഴ് സുന്ദര രാത്രികൾ, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങിയ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.