മലപ്പുറം കീഴുപറമ്പില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. പനിയും തളർച്ചയുമായെത്തിയ കുട്ടിക്ക് ആവശ്യമായ ചികില്‍സ നൽകിയില്ലെന്ന് മരിച്ച ദിയ ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നു. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.
കടുത്ത പനിയും ശരീരവേദനയുമായി ദിയ ഫാത്തിമ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഡിസംബര്‍ 19നാണ് ചികില്‍സ തേടിയത്. പനിക്കുള്ള മരുന്ന് നൽകി കുട്ടിയെ വിട്ടയച്ചുവെന്ന് കുടുംബം പറയുന്നു. പനി വിട്ടുമാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തി. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ജ്വരം ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദിയ ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല.
അസുഖം മൂർച്ഛിച്ചതോടെ ഡിസംബർ 26 ന് ദിയ മരണത്തിന് കീഴടങ്ങി. രോഗലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയിൽ എത്തിയിട്ടും തക്കതായ ചികില്‍സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ ചികില്‍സയിൽ വീഴ്ച വരുത്തിയിട്ടില്ല എന്നാണ് മലപ്പുറം ഡിഎംഒ അവകാശപ്പെടുന്നത്.