ഇടവേളയ്ക്കു ശേഷം ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകുന്നു. നോക്കുകൂലി തർക്കത്തെ തുടർന്ന് ആലപ്പുഴ വഴിച്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ തെരുവിൽ തല്ലി. ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ വിരൽ മറ്റേയാൾ കടിച്ചുമുറിച്ചു. സിഐടിയു യൂണിയൻ പ്രവർത്തകരാണ് ഇരുവരും . എന്നാൽ തെരുവിൽ തല്ലിയ രണ്ടു പേരിൽ ഒരാൾക്കെതിരെ മാത്രമാണ് സിഐടിയു യൂണിയൻ നടപടിയെടുത്തത്. ഇതാണ് വിവാദത്തിന് കാരണം.
ആശ്രമം ലോക്കൽ കമ്മിറ്റിയിൽപ്പെട്ട ബ്രാഞ്ച് സെക്രട്ടറി, പാർട്ടി അംഗത്തിന്‍റെ ഭാര്യയ്‌ക്ക് അശ്ലീല സന്ദേശം അയച്ചത് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നാണ് മറ്റൊരു ആക്ഷേപം. ഇതേക്കുറിച്ച് പ്രദേശത്ത് പോസ്റ്റർ പതിച്ച പാർട്ടി പ്രവർത്തകരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് നേതാക്കൾ. ആശ്രമം ലോക്കൽ കമ്മിറ്റിയിൽ തന്നെ കാളാത്ത് ബി ബ്രാഞ്ച് സെക്രട്ടറി വിജയകുമാറും കുടുംബവും ബിജെപിയിൽ ചേർന്നതും പാർട്ടിക്കുള്ളില്‍ വിവാദമായി. ഏരിയ കമ്മിറ്റി അംഗത്തിന്‍റെ മാനസിക പീഡനത്തെ തുടർന്നാണ് പാര്‍ട്ടി വിട്ടതെന്നായിരുന്നു വിശദീകരണം.
തദ്ദേശ വാർഡ് വിഭജനത്തെക്കുറിച്ചുള്ള പരാതി സമർപ്പിക്കാൻ ഏരിയ സെക്രട്ടറിക്കൊപ്പം പാർട്ടി പുറത്താക്കിയ നഗരസഭ കൗൺസിലറും പോയതിൽ ഒരു വിഭാഗം പ്രവർത്തകർക്ക് പ്രതിഷേധമുണ്ട്. ഇതേക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ ഏരിയ നേതൃത്വങ്ങൾ ഇടപെടുന്നില്ലെന്നും ഇഷ്ടക്കാരെ സംരക്ഷിക്കുകയാണെന്നും പ്രവർത്തകർ ആരോപിക്കുന്നു. സിപിഎം ജില്ലാ സമ്മേളനം ജനുവരി രണ്ടാമത്തെ ആഴ്ചയില്‍ ഹരിപ്പാട് നടക്കാനിരിക്കെയാണ് ആലപ്പുഴ ഏരിയ കമ്മിറ്റി കേന്ദ്രീകരിച്ച പ്രശ്നങ്ങൾ രൂക്ഷമാകുന്നത്.