തിരുവനന്തപുരം ആര്‍സിസിയില്‍ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ വച്ച് സൂപ്പര്‍വൈസര്‍ സ്വകാര്യത പകര്‍ത്തിയതായി പരാതി. ഗുരുതര വിഷയത്തില്‍ ടെക്നിക്കല്‍ ഒാഫീസര്‍ കെ.ആര്‍ രാജേഷിനെതിരെ തെളിവ് സഹിതം ആര്‍സിസി ഡയറക്ടര്‍ക്ക് 9 വനിതാ ജീവനക്കാര്‍ ചേര്‍ന്ന് പരാതി നല്‍കിയിട്ടും സൂപ്പര്‍വൈസറെ സംരക്ഷിക്കുന്നുവെന്നാണ് പരാതി. പരാതി ലഭിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും പൊലീസിന് കൈമാറാന്‍ ആര്‍സിസി അധികൃതര്‍ തയ്യാറായില്ല. പരാതികളുടെ പകര്‍പ്പുകള്‍ മനോരമന്യൂസിന് ലഭിച്ചു.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ കാന്‍സര്‍ ചികില്‍സാ കേന്ദ്രത്തിലെ മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തില്‍ ജോലിചെയ്യുന്ന 9 ജീവനക്കാരാണ് പരാതിക്കാര്‍. വിശ്രമിക്കാനും വസ്ത്രം മാറാനും ഉള്‍പ്പെടെ ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയിലാണ് രാജേഷ് ഒളിക്യാമറ വച്ചത്. വനിതാ ജീവനക്കാര്‍ വിശ്രമമുറിയില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദരേഖയുടെ ഭാഗം ലീക്കായതോടെയാണ് ഒളിക്യാമറ വിവാദം പുകഞ്ഞു തുടങ്ങിയത്.
സെപ്റ്റംബര്‍ 25ന് ജീവനക്കാര്‍ ആദ്യ പരാതി നല്‍കി. രണ്ട് മാസത്തോളം പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല. ഇതോടെ ജീവനക്കാര്‍ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയെ സമീപിച്ചു. ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് കമ്മിറ്റി ശുപാര്‍ശയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രഫഷണല്‍ യോഗ്യത ലബോറട്ടറി സയന്‍സുളള ജീവനക്കാരനെ ക്യാഷ് കൗണ്ടറിലേയ്ക്ക് മാറ്റുന്ന വിചിത്ര നടപടിയാണ് ആര്‍സിസി സ്വീകരിച്ചത്. ഇത്തരമൊരു ഗുരുതര പരാതി ലഭിച്ചാല്‍ ആരോപണ വിധേയനെ മാറ്റി നിര്‍ത്തുകയും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന നിയമത്തിലാണ് ആര്‍സിസി ഗുരുതര വീഴ്ച വരുത്തിയിക്കുന്നത്.