സോഫ്റ്റ് വെയര്‍ തകരാര്‍ കാരണം സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു. മൂന്ന് ദിവസമായുള്ള പ്രശ്നം പരിഹരിക്കാതെ വന്നതോടെ ഭൂനികുതി അടയ്ക്കാന്‍ പോലുമാകാതെ നിരവധി പേരാണ് മടങ്ങി പോവുന്നത്.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ സര്‍വീസ് അണ്‍ അവൈലബിള്‍ എന്ന മെസേജാണ് കംപ്യൂട്ടറില്‍ തെളിയുന്നത് . റവന്യൂ വകുപ്പിന്‍റെ റെലിസ് സോഫ്റ്റ് വെയറിലെ തകരാണ് വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ മുടക്കിയത്. ഭൂനികുതി അടച്ചിട്ട് വിദേശത്തേക്ക് പോകേണ്ടവരും വായ്പകള്‍ എടുക്കാന്‍ രസീതുകള്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ടവരും ഉള്‍പ്പടെ പ്രതിസന്ധിയിലായി .
വര്‍ഷാവസാനം സോഫ്റ്റ് വെയര്‍ പണിമുടക്കിയതോടുകൂടി വില്ലേജ് ഓഫീസിലെ ജീവനക്കാരും വലഞ്ഞു. ആഡംബര നികുതി ഉള്‍പ്പടെ സ്വീകരിക്കേണ്ട സോഫ്റ്റ് വെയര്‍ തകരാര്‍ സംസ്ഥാനത്തിനുണ്ടാക്കുന്ന വരുമാന നഷ്ടവും ചെറുതല്ല. സോഫ്റ്റ് വെയറില്‍ അറ്റകുറ്റപ്പണി എന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.