മലപ്പുറം വെളിയങ്കോട്, പൊന്നാനി - ചാവക്കാട് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ സ്വദേശി ഫാത്തിമ ഹിബ ആണ് മരിച്ചത്. 17 വയസായിരുന്നു. മറ്റൊരു കുട്ടി ഗുരുതരപരക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം.
വാഗമണ്ണിലേക്ക് വിനോദയാത്ര പോയി മടങ്ങിവന്ന കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസയിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. വെളിയംകോട് അങ്ങാടിയിൽ മേൽപ്പാലത്തിലെ വൈദ്യുത പോസ്റ്റിൽ ബസിടിച്ചാണ് അപകടമുണ്ടായത്.
ഡ്രൈവർ ഉറങ്ങിപോയതാവാം അപകട കാരണമെന്നാണ് നിഗമനം. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഫാത്തിമ ഹിബയെ രക്ഷിക്കാനായില്ല.