തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ബസിന്റെ പിൻചക്രം സ്കൂട്ടർ യാത്രികയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് പരിക്കുകളോടെ രക്ഷപെട്ടു.
പാലോട് ചിപ്പൻചിറ ജവഹർ കോളനി രതീഷ് ഭവനിൽ സതികുമാരിയാണ് (56) മരിച്ചത്. ഭർത്താവ് രാജീവ് പാലോട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 5.30ന് നന്ദിയോട് എസ്.കെ.വി സ്കൂളിന് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടി ബസ് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യവെ ഹാൻഡിലിൽ തട്ടി. അപകടത്തിൽ സതികുമാരി റോഡിലേക്ക് തെറിച്ചു വീഴുകയും തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു.
എസ്.എൻ.ഡി.പി യോഗം ജവഹർ കോളനി ശാഖ എക്സിക്യൂട്ടീവ് മെമ്പറാണ് രാജീവ്. സതികുമാരി വനിതാ കമ്മിറ്റി അംഗവും. മക്കൾ: രാജേഷ്, രതീഷ്.