• ഉമ തോമസ് അപകടനില തരണംചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍
  • ‘ആന്തരിക രക്തസ്രാവം കൂടിയില്ല, കൂടുതല്‍ ദിവസംവെന്റിലേഷന്‍ വേണ്ടിവരും’
  • ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍

കലൂർ സ്റ്റേഡിയത്തിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

ശ്വാസകോശത്തിലുണ്ടായ ഗുരുതരമായ ചതവുകൾ അൽപം കൂടിയിട്ടുണ്ടെന്ന് ഇന്നു രാവിലെ റിനൈ മെഡിസിറ്റി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇതു മൂലം കൂടുതൽ ദിവസം വെന്റിലേറ്ററിൽ തുടരേണ്ടി വരും. ശ്വാസകോശത്തിന്റെ ചതവിനുള്ള ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകൾ നൽകുന്നു.

 തലയ്ക്കേറ്റ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല. കഴുത്തിന്റെ ഭാഗത്തെ നട്ടെല്ലിനു (സെർവിക്കൽ സ്പൈൻ) പൊട്ടലുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണു ചികിത്സ. കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും വിദഗ്ധോപദേശം നൽകാനായി ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Uma Thomas MLA is not out of danger; will remain on ventilator; doctors