ഉമാ തോമസിന് അപകടം സംഭവിച്ച കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ പേരില്‍ സംഘാടകർ നടത്തിയത് വന്‍ പണപ്പിരിവ്. വയനാട് ആസ്ഥാനമായ മൃദംഗ വിഷന്‍ എന്ന സംഘടനയാണ് ഗിന്നസ് റെക്കോർഡിന്റെ പേരിൽ 12000 പേരിൽ നിന്ന് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ പിരിവ് നടത്തിയത്. കുട്ടികൾക്കായി ഒരു ക്രമീകരണവും സംഘാടകർ ഒരുക്കിയിരുന്നില്ലെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു.
ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്ന ഗിന്നസ് റെക്കോർഡ് പരിപാടി എന്നതായിരുന്നു പരസ്യം. ദിവ്യാ ഉണ്ണി തന്നെ വാർത്താസമ്മേളനം നടത്തി പരിപാടിയുടെ അറിയിപ്പ്. പിന്നാലെ സംഘാടകരായ മൃദംഗ വിഷൻ പണ പിരിവ് നടത്തി. രജിസ്ട്രേഷൻ എന്ന പേരിൽ ഓരോരുത്തരിൽ നിന്നും രണ്ടായിരം മുതൽ അയ്യായിരം വരെ പിരിച്ചു.
പണം നൽകിയിട്ടും മേക്ക് അപ്പിനും യാത്രയ്ക്കും അടക്കം പ്രത്യേകം തുക ചിലവഴിക്കേണ്ടിയും വന്നു. ഭീമമായ പണ പിരിവ് നടത്തിയിട്ടും നർത്തകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഘാടകരായ മൃദംഗവിഷന്റെ ആസ്ഥാനം വയനാടാണ്. നാല് കോടിയിലേറെ രൂപയാണ് ഈ സംഘടന പിരിച്ചെടുത്തത്. എന്നിട്ടും മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഇവർ തയ്യാറായില്ല.