തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ജില്ലാ സമ്മേളന വേദിക്ക് സമീപം തീകൊളുത്തി ആത്മഹത്യ ശ്രമിച്ച യുവാവ് മരിച്ചു. വിഴിഞ്ഞം വട്ടവിള വീട്ടിൽ രതീഷാണ് മരിച്ചത്. ഇക്കഴിഞ്ഞ 23ന് വിഴിഞ്ഞത്ത് നടന്ന സിപിഎം ജില്ലാ സമ്മേളവേദിക്കരികിൽ വച്ച് ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷമാണ് സ്വയം തീ കൊളുത്തിയത്. സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിനു പിന്നാലെ കലാപരിപാടി നടന്ന വേദിക്കരികിൽ രാത്രി 10.15 ഓടെയായിരുന്നു സംഭവം.
വേദിക്കരികിൽ കസേരയിലിരുന്ന യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം ഇയാളുടെ ഭാര്യയും മക്കളും സമീപത്തിരുന്ന് കലാപരിപാടി കാണുന്നുണ്ടായിരുന്നു. തീ പടരുന്നതു കണ്ടതോടെ സി.പി.എം പ്രവർത്തകർ ഓടിയെത്തി ചാക്ക് ഉപയോഗിച്ച് തീയണച്ച് രതീഷിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരുന്ന രതീഷ് ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മരിച്ചത്.