കൊച്ചി തൈക്കൂടത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറിൽ നിന്ന് അൻപത് ലക്ഷം കവർന്ന് ക്വട്ടേഷന്‍ സംഘം. കൊടൈക്കനാലിൽ ഒളിവിൽ കഴിഞ്ഞ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാപ്പകൽ നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഈ മാസം പത്തൊൻപതിനാണ് പച്ചാളം സ്വദേശി അബിജുവിന്റെ വണ്ടിയിൽ നിന്ന് പണം കവർന്നത്. ഹൈദരാബാദിൽ നിന്ന് ലഭിച്ച ക്വട്ടേഷന്‍ പ്രകാരമാണ് കൊലക്കേസ് പ്രതികളടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്.
വിനു, അനന്തു, വൈശാഖ്, അനു, അക്ഷയ് എന്നിവരാണ് പിടിയിലായത്. കാറിൽ മൂന്ന് കോടി രൂപയുണ്ടായിരുന്നെങ്കിലും അൻപത് ലക്ഷമാണ് സംഘം കവർന്നത്. കൂടുതൽ പണം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കാർ അമിതവേഗതയിൽ എടുത്ത് ബിജുവും സംഘവും രക്ഷപ്പെടുകയായിരുന്നു. സൗത്ത് എസിപിയുടെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് മരട് പൊലീസ് പ്രതികളെ പിടികൂടിയത്. പണമിടപാട് സംബന്ധിച്ചും ക്വട്ടേഷന്‍ നൽകിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.