നടന്‍ ദിലീപ് ശങ്കറിന്റെ മരണം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാകാമെന്ന് ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കരള്‍രോഗം വഷളാവുകയും രക്തസമ്മര്‍ദം ഉയരുകയും ചെയ്തതിനെത്തുടര്‍ന്ന് തലയിടിച്ചു വീണതാണെന്നാണ് സംശയം.കട്ടിലിനു സമീപം മദ്യക്കുപ്പി ഉണ്ടായിരുന്നു. തറയില്‍ കിടന്ന മൃതദേഹത്തില്‍ മൂക്കില്‍ നിന്നും രക്തം ഒഴുകിയിരുന്നു. ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
മരണകാരണം കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തുടര്‍നടപടിയുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു. ഹോട്ടലില്‍ പൊലീസ് എത്തുമ്പോള്‍ ദിലീപ് ശങ്കര്‍ താമസിച്ച മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.
സീരിയല്‍ ഷൂട്ടിങ്ങിനായി താമസിച്ച വാന‍്‍റോസ് ജങ്ഷനിലെ ഹോട്ടലില്‍ ആണ് ദിലീപിനെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിങ്ങിനായി 19ന് ആണ് ദിലീപ് മുറി എടുത്തത്. 26വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. ശനിയാഴ്ച സീരിയലിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ പലതവണ ഫോണില്‍ വിളിച്ചിട്ടും ദിലീപിനെ കിട്ടിയില്ല. ഞായറാഴ്ച പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ളവര്‍ ദിലീപിനെ അന്വേഷിച്ച് ഹോട്ടലില്‍ എത്തി. മുറി തുറക്കാതായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.