ഇന്ധന ചോർച്ച ഉണ്ടായ എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ സംഭരണ കേന്ദ്രം താൽക്കാലികമായി അടച്ചു. ഡിപ്പോയുടെ എക്സ്പ്ലോസിവ് ലൈസൻസും ഫാക്ടറി ലൈസൻസും ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ നാട്ടുകാരുടെ ആശങ്ക വിടാതെ പിന്തുടരുകയാണ്.

എലത്തൂർ ഡിപ്പോ യുടെ എക്സ് പ്ലോസീവ് ലൈസൻസും ഫാക്ടറി ലൈസൻസും സാധാരണഗതിയിൽ ഓൺലൈൻ വഴി പുതുക്കാവുന്നതാണ്. ജില്ലാ ഭരണകൂടമാണ് ലൈസൻസ് പുതുക്കി നൽകേണ്ടത്. എന്നാൽ ഇന്ധന ചോർച്ചയുടെ പശ്ചാത്തലത്തിൽ ഡിപ്പോക്ക് മതിയായ സുരക്ഷയുണ്ടോ എന്ന സംശയം ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലൈസൻസ് പുതുക്കൽ നീണ്ടു പോയത്. അതിനാലാണ് ഡിപ്പോ താൽക്കാലികമായി അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. പെട്രോളിയം മന്ത്രാലയത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമേ ഇനി ഡിപ്പോക്ക് പ്രവർത്തന അനുമതി നൽകൂ. ഡിപ്പോ തൽക്കാലത്തേക്ക് അടച്ചെങ്കിലും ഇന്ധനം അടങ്ങുന്ന മലിനജലം ഇന്നലെ കൂടി പ്ലാന്റിൽ നിന്ന് പുറന്തള്ളിയ സാഹചര്യത്തിൽ നാട്ടുകാരുടെ ആശങ്ക പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.

ഡിസംബർ നാലിന് ആണ് 2000 ലിറ്ററിൽ അധികം ഡീസൽ ചോർന്ന് പരിസരത്തേക്ക് വ്യാപിച്ചത്. ഗുരുതരമായ മലിനീകരണം ആണ് ഇതുമൂലം ഉണ്ടായതെന്ന് മലിനീകരണ നിയന്ത്രണ ബോർഡും കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

Hindustan Petroleum's storage facility at Elathur has been temporarily closed due to a fuel leak