പെട്രോള്‍– ഡീസല്‍ വിലകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ എന്നും സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന വിഷയമാണ്. എന്നാല്‍ സ്വകാര്യ പെട്രോൾ റീട്ടെയിലർമാർ ലിറ്ററിന് 3 മുതല്‍ 5 രൂപ വരെ കിഴിവ് നൽകിയതാണ് നിലവില്‍ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങി പൊതുമേഖല എണ്ണകമ്പനികളുടെ നെഞ്ചിടിപ്പേറ്റുന്നത്. പെട്രോള്‍ വില കുറച്ചു നല്‍കിയതുമാത്രമല്ല, 50% വരെ വിപണി വിഹിതമാണ് ഇതോടെ പൊതുമേഖലാ കമ്പനികള്‍ക്ക് നഷ്ടപ്പെട്ടത്. 

ജിയോ-ബിപി (ബ്രിട്ടീഷ് പെട്രോളിയം) പെട്രോൾ പമ്പുകൾക്ക് പുറത്താണ് ലിറ്ററിന് 3 രൂപ വരെ ഇളവെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രീകൃതമായി വില നിശ്ചയിച്ചിട്ടുള്ള സർക്കാർ പെട്രോള്‍ പമ്പുകളിലേക്ക് ആരുചെല്ലും? ഇന്ന് പ്രധാന നഗരങ്ങളിലെല്ലാം ജിയോ ബിപി പമ്പുകള്‍ ഉണ്ട്. അതേസമയം നയാര പമ്പുകളില്‍ മിനിമം 1000 രൂപയുടെ ഇന്ധനത്തിന് ലിറ്ററിന് അഞ്ചു രൂപവരെയായിരുന്നു ‍കിഴിവ്. സ്വകാര്യ കമ്പനികളുടെ ഈ ഓഫര്‍‌ മൂലം പ്രതിദിന വിൽപ്പനയില്‍ 25% മുതൽ 50% വരെ ഇടിവുവന്നതായാണ് ജലന്ധർ ആസ്ഥാനമായുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ ഡീലർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്.

ദീപാവലിക്കാണ് ജിയോയുടെ ‘ഹാപ്പി അവേഴ്‌സ്’ ഓഫര്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ക്രിസ്മസിനും, പുതുവത്സരത്തിനും ഇതേ ഓഫര്‍ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ജിയോ-ബിപി പമ്പുകള്‍ ഓഫര്‍ നീട്ടിയതായി സോഷ്യല്‍മീഡിയ പോസ്റ്റുകളും പറയുന്നു. ‘നിങ്ങളുടെ യാത്രകളുടെ ഏറ്റവും സന്തോഷകരമായ ഭാഗമായിരിക്കും ഇന്ധനം നിറയ്ക്കൽ, കാരണം... ജിയോ– ബിപി ‘ഹാപ്പി അവേഴ്‌സ് സേവിങ് ഓഫർ നീട്ടിയിരിക്കുന്നു’, പണം ലാഭിക്കാം എന്നുമാത്രമല്ല ബമ്പർ സമ്മാനങ്ങളും പ്രതിവാര, പ്രതിദിന സമ്മാനങ്ങളും നേടാനുള്ള അവസരവും നിങ്ങൾക്കുണ്ട്’ എന്നാണ് സോഷ്യൽ മീഡിയയില്‍ ജിയോ-ബിപിയുടെ പോസ്റ്റില്‍ പറയുന്നത്. ഇതുകൂടാതെ ഡീസൽ ബൾക്ക് പർച്ചേസിനും കിഴിവ് നൽകുന്നുണ്ടെന്നാണ് ഡീലർമാർ പറയുന്നത്.

അതേസമയം, പൊതുമേഖലാ എണ്ണകമ്പനികളെ ‘രക്ഷിക്കാന്‍’ പഞ്ചാബിലെ പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷനും രാജസ്ഥാൻ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനും പെട്രോളിയം മന്ത്രാലയത്തിനും സർക്കാർ ഉടമസ്ഥതയിലുള്ള ഒഎംസികളുടെ ചെയർമാൻമാർക്കും കത്തെഴുതിയിട്ടുണ്ട്. ഇന്ധന നിരക്ക് ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ കുറയ്ക്കാനും വിപണി വിഹിതം സംരക്ഷിക്കാനുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തേക്ക് ഈ സ്ഥിതി തുടർന്നാൽ ഏകദേശം 30% പെട്രോൾ പമ്പുകളും അടച്ചിടേണ്ടി വരുമെന്നും ഡീലര്‍മാര്‍ പറയുന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമ്പോൾ വില കുറയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇവരുടെ പക്ഷം. 

ഐഒസി, ബിപിസിഎൽ, എച്ച്‌പിസിഎൽ, ജിയോ-ബിപി, നയാര, പെട്രോളിയം മന്ത്രാലയം എന്നിവരൊന്നും ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് ആഗോള എണ്ണവിലയിലെ ഇടിവ് വിപണികളിലേക്ക് കൈമാറാന്‍ കഴിയാത്തതിന്‍റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ലോജിസ്റ്റിക്‌സ്, ശുദ്ധീകരണ ചെലവുകളും വില കുറയ്ക്കുന്നതില്‍ നിന്നു കമ്പനികളെ പിന്തിരിപ്പിക്കുന്നു.

ബുധനാഴ്ച ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 14% കുറഞ്ഞ് 73.39 ഡോളറിലെത്തിയിട്ടും സർക്കാർ ഒഎംസികൾ പെട്രോൾ, ഡീസൽ നിരക്ക് കുറച്ചിട്ടില്ല. ഈ കാലയളവിൽ രാജ്യാന്തരതലത്തില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. ഏപ്രിലിലെ പെട്രോൾ വില ബാരലിന് 102.13 ഡോളറിൽ നിന്ന് നവംബറിൽ 79.09 ഡോളറായും (ഏകദേശം 22.5%) ഡീസൽ ഏപ്രിലിലെ 99.94 ഡോളറിൽ നിന്ന് നവംബറിൽ 86.79 ഡോളറായും (13.15%) കുറഞ്ഞിരുന്നു. 2024 ജൂലൈ 1 ലെ കണക്കനുസരിച്ച്, രാജ്യത്ത് 90,639 റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. അതിൽ 90% സർക്കാർ ഉടമസ്ഥതയിലുള്ളവയാണ്.

ENGLISH SUMMARY:

Private fuel retailers like Jio-BP and Nayara Energy are offering discounts on petrol and diesel, causing market share losses for public sector oil companies. Will government OMCs reduce prices to stay competitive?