കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകര്‍ നടത്തിയത് അടിമുടി തട്ടിപ്പെന്ന് പരിപാടിയുമായി സഹകരിച്ച കല്യാണ്‍സില്‍ക്സ്. നൃത്തപരിപാടിക്കുവേണ്ടി സംഘാടകര്‍ 12,500 സാരികളാണ് ഓര്‍ഡര്‍ ചെയ്തത്. 390 രൂപ നിരക്കില്‍ സാരി നല്‍കി. ഇതേ സാരികള്‍ക്ക് കുട്ടികളില്‍ നിന്ന് 1600 രൂപ അവര്‍ ഈടാക്കിയെന്നും കല്യാണ്‍ സില്‍ക്സ് ചൂണ്ടിക്കാട്ടുന്നു. സംഘാടകരുമായി ഉണ്ടായത് വാണിജ്യഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സ്ഥാപനം അഭ്യര്‍ഥിച്ചു.
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെയാണ് ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് ഗുരുതര പരുക്കേറ്റത്. ഈ സംഭവത്തില്‍ നൃത്തപരിപാടി ചിട്ടപ്പെടുത്തിയ നടി ദിവ്യ ഉണ്ണിയുടെയും പരിപാടിയുടെ ബ്രാന്‍ഡിങ് പാര്‍ട്ണര്‍ നടന്‍ സിജോയ് വര്‍ഗീസിന്‍റെയും മൊഴിയെടുക്കും. വേദിയിലെ സുരക്ഷാ വീഴ്ചകള്‍ എണ്ണിപ്പറയുന്നതാണ് സംയുക്ത പരിശോധനാറിപ്പോര്‍ട്ട്. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ ദുര്‍ബല വകുപ്പാണ് ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ഡിജിപിക്ക് പരാതി നല്‍കി. സംഘാടകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. Also Read: സ്റ്റേഡിയത്തിലെ അപകടം: ദിവ്യ ഉണ്ണിയുടെയും സിജോയുടെയും മൊഴിയെടുക്കും
മൃദംഗ വിഷന്‍, ഒാസ്കര്‍ ഇവന്‍റ്സ് ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍േദശം നല്‍കി. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉമാ തോമസിന് പരുക്കേറ്റ അപകടത്തില്‍ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി.
കൊച്ചിയിലെ മൃദംഗവിഷന്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ വലിയ സാമ്പത്തിക തട്ടിപ്പാണ് നടത്തിയെന്ന് തിരുവനന്തപുരത്തെ ഡാന്‍സ് സ്കൂള്‍ ഉടമയും ആരോപിച്ചു. മയൂര സ്കൂള്‍ ഒാഫ് ഡാന്‍സിലെ നൃത്താധ്യാപിക കൂടിയായ സുരഭി എം നായരാണ് ആരോപണം ഉന്നയിച്ചത്. നര്‍ത്തകരില്‍ നിന്ന് ആദ്യം പറഞ്ഞുറപ്പിച്ച തുക പലതവണ കൂട്ടിച്ചോദിച്ചെന്നും പിന്‍വാങ്ങുകയാണെന്ന് അറിയിച്ചപ്പോള്‍ സംഘാടകര്‍ ഭീഷണിപ്പെടുത്തിയെന്നും സുരഭി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.