മുണ്ടകൈ – ചൂരല്‍മല പുനരധിവാസത്തിന് 50 വീടുകളില്‍കൂടുതല്‍ നിര്‍മ്മിച്ചു നല്‍കാം എന്ന് ഉറപ്പു നല്‍കിയവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നാളെ. കര്‍ണാടക സര്‍ക്കാരിന്‍രെയും രാഹുല്‍ഗാന്ധിയുടെയും പ്രതിനിധികള്‍ യോഗത്തിനെത്തും. ഒന്‍പതുപേരെയാണ് ആദ്യഘട്ടയോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. മുസ് ലീം ലീഗിന്‍റെയും ഡിവൈ എഫ് ഐയുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, പി.കെകുഞ്ഞാലിക്കുട്ടി , ടി, സിദ്ധിക്ക് എം.എല്‍എ എന്നിവരും ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍ ചീഫ് സെക്രട്ടറി എന്നിവരും പങ്കെടുക്കും. സ്ഥലം ഏറ്റെടുപ്പിന്‍റെ വിശദാംശങ്ങള്‍ ടൗണ്‍ഷിപ്പിന്‍റേയും വീടുകളുടെയും പ്ളാന്‍ എന്നിവ മുഖ്യമന്ത്രി യോഗത്തെ ധരിപ്പിക്കും. നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച.
അതേസമയം, മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് നിർമാണത്തിനു കണ്ടെത്തിയ 2 എസ്റ്റേറ്റ് ഭൂമികളിലും റവന്യുവകുപ്പ് സർവേ അടുത്തയാഴ്ച പൂർത്തിയാക്കും. എച്ച്എംഎൽ കമ്പനിയുടെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയിലും കൽപറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയിലുമാണു സർവേ നടത്തുന്നത്. ഡ്രോൺ സർവേയും വിദഗ്ധ പരിശോധനയും അടക്കമുള്ള ആദ്യഘട്ട നടപടികളും ടൗൺഷിപ്പിനു മാസ്റ്റർ പ്ലാൻ തയാറാക്കുന്ന നടപടിയും നേരത്തേ തുടങ്ങിയിരുന്നു. ഇതിനിടെയാണ് എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം ഭൂമി ഏറ്റെടുക്കലിന് അനുകൂലമായ കോടതിവിധി വന്നിരുന്നു.
ഫീൽഡ് സർവേ നടപടികൾ പൂർത്തിയാക്കി സ്കെച്ച് തയാറാക്കിയശേഷം ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാര നിർണയമാണ് അടുത്തഘട്ടം. ഇതിനായി എസ്റ്റേറ്റ് ഭൂമികളിലെ കാർഷികവിളകളുടെയും മരങ്ങളുടെയും വില നിശ്ചയിക്കും. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ സർക്കാർ ഏറ്റെടുത്ത എല്ലാ ഭൂമിയുടെയും ആധാരം പരിശോധിച്ച ശേഷമാണു നഷ്ടപരിഹാരത്തുക അന്തിമമാക്കുക. സബ് റജിസ്ട്രാർ ഓഫിസിൽനിന്ന് ആധാരങ്ങളുടെ പട്ടികയും പകർപ്പുകളും വയനാട് ടൗൺഷിപ് സ്പെഷൽ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടപരിഹാരത്തുകയിൽ ആക്ഷേപമുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്കു ജില്ലാ കോടതിയെ സമീപിക്കാം. എന്നാൽ, ഇനിയുണ്ടാകുന്ന നിയമവ്യവഹാരങ്ങൾ ഏറ്റെടുക്കൽ നടപടികളെ ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.