കണ്ണൂർ ശ്രീകണ്ഠാപുരം വളക്കൈയിൽ സ്കൂൾവാൻ മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ വാദം തള്ളി മോട്ടോർ വാഹന വകുപ്പ്. ബ്രേക്ക് നഷ്ടമായതാണെന്ന് ഡ്രൈവർ നിസാമുദ്ദീൻ പറയുന്നത് ശരിയല്ലെന്നും വാഹനം പരിശോധിച്ചപ്പോൾ ബ്രേക്കിന് തകരാറൊന്നും കണ്ടെത്താനായിട്ടില്ലെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഡ്രൈവറുടെ മാത്രം പിഴവാണ് അപകട കാരണമെന്നും എംവിഐ വ്യക്തമാക്കി.
അതേസമയം കണ്ണൂര്‍ വളക്കൈ വിയറ്റ്നാം റോഡില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍ നിസാമുദ്ദീന്‍ രംഗത്തെത്തിയിരുന്നു. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും
വാട്സാപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണെന്നും ഡ്രൈവര്‍ പറഞ്ഞു. അമിതവേഗത്തില്‍ വാഹനമോടിച്ചിട്ടില്ലെന്നും വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
അപകടത്തിൽപ്പെട്ട് മരിച്ച വിദ്യാർത്ഥിനി നേദ്യ എസ് രാജേഷിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിയാരം മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കുറുമാത്തൂർ ചിന്മയ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീടാണ് ചൊറുക്കളയിലെ വീട്ടിലേക്ക് കൊണ്ടുപോവുക. ഉച്ചയോടെ കുറുമാത്തൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. അതേസമയം, ഡ്രൈവർ നിസാമുദ്ദിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് അപകടം വരുത്തി എന്നാണ് കേസ്.