ഇരട്ടക്കൊലക്കേസില്‍ കോടതി ശിക്ഷിച്ച പാര്‍ട്ടി നേതാക്കളെ പരസ്യമായി പ്രതിരോധിച്ച് CPM. സിബിഐ അവസാനവാക്കല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സിപിഎമ്മിനെതിരായ ഗൂഡാലോചന പൊളിഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പാര്‍ട്ടി പിന്തുണ വ്യക്തമാക്കി എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ കുറ്റവാളികളെ കോടതിയില്‍ സന്ദര്‍ശിച്ചു.
മുന്‍ എം.എല്‍.എ കെ വി കുഞ്ഞിരാമനടക്കം നാലു പാര്‍ട്ടി നേതാക്കളെ കോടതി അഞ്ചുവര്‍ഷം തടവിന്ശിക്ഷിച്ചത് പാര്‍ട്ടിക്ക് മുഖത്തേറ്റ അടിയായി . സിബിഐ കേസ് അന്വേഷിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കാശ് മുടക്കി വാദിച്ച സര്‍ക്കാരിനും നാണക്കേടായി പെരിയ കോടതി വിധി . പാര്‍ട്ടിക്കാര്‍ ജയിലറയിലായെങ്കിലും സിബിഐയുടെ രാഷ്ട്രീയക്കളിയെന്ന നിറം നല്‍കി പ്രതരോധിക്കുകയാണ് സിപിഎം.
സിപിഎമ്മിനെതിരെ ഗൂഡാലോചന കുറ്റം ചുമത്തി പ്രതിചേര്‍ത്ത് പലരെയും കോടതി വെറുതെവിട്ടത് പാര്‍ട്ടിക്കെതിരായ ഗുഡാലോചന പൊളിഞ്ഞതിന്‍റെ തെളിവെന്ന് ടി.പി രാമകൃഷ്ണന്‍ ന്യായീകരിച്ചു. പാര്‍ട്ടി കുറ്റവാളികള്‍ക്കൊപ്പമെന്ന് സ്ഥാപിക്കുന്നതായിരുന്നു സിബിഐ കോടതിയിലെ രംഗങ്ങള്‍. ശിക്ഷിക്കപ്പട്ടവരെ കണ്ട എറണാകളും ജില്ലാ സെക്രട്ടറി പാര്‍ട്ടിക്കാരായത് കൊണ്ടാണ് കാണാന്‍ വന്നതെന്ന് തുറന്നു പറഞ്ഞു.
സിബിഐയെ പഴിചാരി കുറ്റവാളികള്‍ക്ക് സംരക്ഷണ കചവം തീര്‍ക്കാന്‍ പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്നതില്‍ സംശയമില്ല. പക്ഷെ അതൊന്നു ഗൗനിക്കാതെയാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.