periya-court

അക്രമരാഷ്ട്രീയംമൂലം രണ്ടുയുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട കേസെന്ന് പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി പ്രസ്താവിച്ചു കൊണ്ട ്കോടതി. കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു. സി.പി.എം നേതാക്കള്‍ക്ക് കുരുക്കായത് മാധ്യമപ്രവര്‍ത്തകന്റെ മൊഴി. പ്രതിയെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചതിലെ സാക്ഷിമൊഴി നിര്‍ണായകമായെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു. 

Read Also: ‘പ്രതീക്ഷിച്ചത് വധശിക്ഷ, അപ്പീല്‍ പോകും’; പൊട്ടിക്കരഞ്ഞ് ബന്ധുക്കള്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ പത്തുപ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരന്‍ ഉള്‍പ്പെടെ ആദ്യ എട്ടുപ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷവിധിച്ചത്.  മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമനടക്കം നാലു സി.പി.എം നേതാക്കള്‍ക്ക്  അഞ്ചുവര്‍ഷം തടവും വിധിച്ചു. ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ച  പത്തുപ്രതികളും രണ്ടുലക്ഷം രൂപ പിഴ നല്‍കണം. പിഴത്തുക ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നല്‍കണം. 

 

കെ.വി.കുഞ്ഞിരാമനെ കൂടാതെ സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.മണികണ്ഠന്‍,  മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി,  മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ.വി.ഭാസ്കരന്‍ എന്നിവര്‍ക്കും അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു.  ജാമ്യം റദ്ദായതോടെ നേതാക്കളെ ജയിലിലേക്ക് മാറ്റും. വിധികേട്ട് കൃപേഷിന്‍റെയും ശരത്‍‍ലാലിന്‍റെയും ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് കൃപേഷിന്‍റെ അച്ഛന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Periya double murder case not treated as rarest of rare by CBI special court