ക്ഷേത്രങ്ങളിലെ വസ്ത്രധാരണചര്‍ച്ചയില്‍ മുഖ്യമന്ത്രിയേയും ശിവഗിരി മഠത്തേയും വിമര്‍ശിച്ച ജി.സുകുമാരന്‍നായര്‍ക്ക് മറുപടിയുമായി സിപിഎം. ആചാരങ്ങളെ എതിര്‍ത്താണ് മന്നം സാമൂഹിക പരിഷ്കരണം നടപ്പാക്കിയതെന്ന് സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍. ക്ഷേത്രാചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റും പറഞ്ഞു. തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും തന്ത്രിമാരും ആണെന്ന് രമേശ് ചെന്നിത്തല. സുകുമാരന്‍ നായര്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കരുതെന്ന നിബന്ധന മാറണമെന്ന സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം മുഖ്യമന്ത്രി പിന്തുണച്ചതിനെത്തുടര്‍ന്നാണ് വിവാദവും ചര്‍ച്ചയും. ആചാരങ്ങള്‍ മാറ്റി മറിക്കാന്‍ ഇവരൊക്ക ആരെന്ന ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. ആചാരങ്ങള്‍ മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഇല്ലെന്നായിരുന്നു എം.വി.ഗോവിന്ദന്‍റെ മറുപടി. ആചാരങ്ങള്‍ മാറ്റരുതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ആചാരങ്ങളെ എതിര്‍ത്താണ് മന്നം സാമൂഹികപരിഷ്കരണം നടത്തിയത് എന്നും എം.വി.ഗോവിന്ദന്‍
ക്ഷേത്രങ്ങളിലെ ആചാരങ്ങൾ കാലാനുസൃതമായി മാറേണ്ടതാണെന്ന നിലപാടുമായി എം.വി.ഗോവിന്ദന് ഒപ്പം നിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. മാറ്റങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡും തന്ത്രിമാരും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവരുമാണെന്ന് രമേശ് ചെന്നിത്തല. സച്ചിദാനന്ദസ്വാമിക്കുള്ള സുകുമാരന്‍ നായരുടെ മറുപടിയില്‍ പ്രതികരണത്തിനില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ നിലപാട്