ചങ്ങനാശേരി പെരുന്നയിലെ മന്നം ജയന്തി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ രമേശ് ചെന്നിത്തലെയെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ആദ്യം ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന അറ്റോണി ജനറലിനെക്കാള്‍ അര്‍ഹനായ ആളാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസുകാരനായത് കൊണ്ട് അല്ലെന്നും ഈ മണ്ണില്‍ കളിച്ചുവളര്‍ന്ന എന്‍എസ്‌എസിന്‍റെ പുത്രനാണ് ചെന്നിത്തലയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അറ്റോണി ജനറല്‍ വരാതിരുന്നത് സാങ്കേതിക കാരണങ്ങളാലാണെന്നും സുകുമാരന്‍ നായര്‍.
തന്നെ ഉദ്ഘാടകനാക്കിയ എന്‍എസ്എസിന് നന്ദിയെന്ന് ചെന്നിത്തലയും പ്രതികരിച്ചു. ആരുവിചാരിച്ചാലും മുറിച്ചുമാറ്റാനാകാത്തതാണ് ഈ മണ്ണുമായുള്ള ബന്ധം. ശബരിമലയില്‍ നീതി നടപ്പാക്കാനായി ഇപ്പോഴത്തെ നേതൃത്വം പൊരുതി. വര്‍ഗീയതയ്ക്കെതിരായ എന്‍.എസ്.എസ് നിലപാട് പ്രശംസനീയം. മതനിരപേക്ഷതയുടെ ബ്രാന്‍ഡാണ് എന്‍.എസ്.എസ് എന്നും രമേശ് ചെന്നിത്തല. നീണ്ട പതിനൊന്നുവര്‍ഷത്തെ പിണക്കം മറന്നാണ് രമേശ് ചെന്നിത്തല പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്.
അതേസമയം ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രിക്കും ശിവഗിരിക്കും വിമര്‍ശനം. മുഖ്യമന്ത്രിയേയും ശിവഗിരി മഠത്തേയും വിമര്‍ശിച്ച് സുകുമാരന്‍ നായര്‍. ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റ്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്; അത് മാറ്റാന്‍ ഇവരൊക്കെ ആരെന്നും ചോദിച്ച സുകുമാരന്‍ നായര്‍, ഇത്തരം കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും പറഞ്ഞു. ക്രിസ്ത്യാനിക്കും മുസ്‌ലിമിനും അവരുടേതായ ആചാരങ്ങളുണ്ട്. വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനും ധൈര്യമുണ്ടോ? ഇത്തരം വ്യാഖ്യാനങ്ങള്‍ ഹിന്ദുവിന് മാത്രമുള്ളതോ എന്നും സുകുമാരന്‍ നായര്‍.