സ്വയം പുതുക്കിയും മാറ്റങ്ങള്‍ വരുത്തിയുമാണ് ഹിന്ദുമതം ഇന്നത്തെ നിലയിലെത്തിയതെന്ന് ചരിത്രകാരന്‍ മനു എസ്.പിള്ള. ആചാരങ്ങളിലും ഘടനയിലും കാലങ്ങളായി ഒരു മാറ്റവും സംഭവിച്ചിട്ടെന്ന് വിശ്വസിക്കുന്നവരുണ്ടാകാം. അതിനെ ചോദ്യംചെയ്യേണ്ടതില്ല. എന്നാല്‍ ചരിത്രകാരന് മാറ്റങ്ങളെ പഠന വിധേയമാക്കിയേ കഴിയൂവെന്നും മനു പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു എസ്.പിള്ള
ഗോഡ്സ് , ഗണ്‍സ് ആന്‍റ് മിഷണറീസ് എന്ന പുതിയ പുസ്തകത്തില്‍ ഹിന്ദുമതത്തിന്‍റെ വികാസ പരിണാമങ്ങളാണ് മനു വിഷയമാക്കുന്നത്. കൂട്ടിച്ചേര്‍ക്കലുകള്‍ ഹിന്ദുമതത്തിന്‍റെ ഭാഗമായതെങ്ങനെയെന്ന് സ്വന്തം കുടുംബ ക്ഷേത്രത്തിന്‍റെ കഥയിലൂടെ മനു വ്യക്തമാക്കി. പ്രതിഷ്ഠയ്ക്ക് മേല്‍ക്കൂര പാടില്ലാത്ത വനദുര്‍ഗയും മേല്‍ക്കൂര ആവശ്യമുള്ള ഭദ്രകാളിയുമാണ് അവിടെയുള്ള രണ്ട് പ്രധാന ദൈവങ്ങള്‍. ബ്രഹ്മരക്ഷസും പണ്ട് മരിച്ച മുത്തശ്ശിയുടെ ആത്മാവും ക്ഷേത്രത്തിലുണ്ട്. ഇതോടൊപ്പം കുറവരുടെ ആരാധനാമൂര്‍ത്തിയും പുലയരുടെ ദൈവവുമുണ്ട്. ഇവര്‍ക്കായി
കള്ളും രക്തവും ആരാധനയ്ക്കുപയോഗിച്ചിരുന്നു. ഓരോ ദൈവത്തിനും ഓരോ ചരിത്രമുണ്ട്. ഇത് ഇന്നത്തെ ഹിന്ദുമതത്തിന്‍റെ മാതൃകയാണ്. പല ദൈവങ്ങളും വിശ്വാസങ്ങളും ആചാരശൈലികളും ഓരോരോ കാലത്ത് മതത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഓരോ സമയത്തും ഉണ്ടായ മാറ്റങ്ങളോട് ആദ്യം പ്രതിരോധം ഉണ്ടാകും. പിന്നെയതു മാറി മാറ്റങ്ങളെ ഉള്‍ക്കൊള്ളും. ദൈവങ്ങള്‍ തമ്മില്‍ വിവാഹങ്ങള്‍ കഴിക്കുന്നതും പുതിയ അവതാരങ്ങള്‍ ഉണ്ടാകുന്നതും ഇങ്ങനെയാണ്. ആചാരങ്ങള്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കിയ ഘട്ടങ്ങളില്‍ അത് മറികടക്കാനും വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. 1902 ല്‍ ജയ്പൂര്‍ മഹാരാജാവ് ലണ്ടനില്‍ എഡ്്വേര്‍ഡ് രാജാവിന്‍റെ സ്ഥാനാരോഹണത്തിന് പോയത് ഇതിനുദാഹരമായി മനു ചൂണ്ടിക്കാട്ടുന്നു. കടല്‍ കടക്കുന്നത് അന്ന് ആചാരലംഘനമാണ്. ഇതിന് പുരോഹിതര്‍ മാര്‍ഗം ഉപദേശിച്ചു. രാജാവിന്‍റെ ആരാധന മൂര്‍ത്തിയായ ശ്രീ ഗോപാല്‍ജിയെ ലണ്ടനിലേക്ക് കൊണ്ടുപോവുക. രാജാവ് മൂര്‍ത്തിയെ അനുഗമിക്കുക എന്ന മട്ടില്‍ യാത്ര ക്രമപ്പെടുത്തി. ഇതുപോലെയുള്ള ആചാരങ്ങളിലെ മാറ്റങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും മനു എസ് പിള്ള പറഞ്ഞു.
അയോധ്യ ക്ഷേത്രനിര്‍മാണം, മസ്ജിദുകള്‍ക്കു കീഴില്‍ ക്ഷേത്രഭാഗങ്ങള്‍ക്കായി സര്‍വേ നടത്തുന്നത്, സവര്‍ക്കര്‍ നിര്‍വചിച്ച ഹിന്ദുത്വ, കേരളത്തിലെ മതപരിഷ്കരണ ശ്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ജയമോഹനുമായുള്ള അഭിമുഖത്തില്‍ മനു എസ്.പിള്ള സംസാരിക്കുന്നു.