നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ അറസ്റ്റില്‍. നിലമ്പൂര്‍ ഫോറസ്റ്റ് ഒാഫിസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസിലാണ് അറസ്റ്റ്. മലപ്പുറം ഒതായിയിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റുചെയ്തത് നാടകീയമായി. കേസെടുത്തയുടന്‍ വന്‍ പൊലീസ് സന്നാഹം അന്‍വറിന്‍റെ വീട്ടിലെത്തി. അന്‍വര്‍ ഉള്‍പ്പെടെ 11പേര്‍ക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തത്. തന്നെ അറസ്റ്റ് ചെയ്യാന്‍ പിണറായിയും പി.ശശിയും അവസരം നോക്കിയിരിക്കുകയായിരുന്നുവെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. പൊലീസ് നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പി.വി.അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പൊലീസ് ഇടപെടല്‍ നിയമാനുസൃതമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഗൂഢാലോചനയോ, പ്രത്യേക താല്‍പര്യങ്ങളോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി.വി അൻവർ വിമർശിച്ചു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എം.എൽ.എ പ്രതികരിച്ചു.