മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിക്കണമോയെന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ റിവ്യു കമ്മിറ്റി, ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി. എന്നാല്‍ ഒപ്പം സസ്പെന്‍ഷന്‍ ലഭിച്ച എന്‍.പ്രശാന്തിന്‍റെ കാര്യത്തില്‍ റിവ്യു കമ്മിറ്റി ശുപാര്‍ശ നല്‍കിയില്ല.
ചീഫ് സെക്രട്ടറി അധ്യക്ഷയായ റിവ്യു കമ്മിറ്റി കെ.ഗോപാലകൃഷ്ണൻ നൽകിയ മറുപടി വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ തീരുമാനം വൈകാതെയുണ്ടായേക്കും.
വിവാദ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണനാണെന്നു തെളിയിക്കാനാകാത്ത സാഹചര്യത്തിൽ, അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തേക്കുമെന്നാണു സൂചന. വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിൽ പങ്കില്ലെന്നും തന്റെ ഫോൺ ഹാക്ക് ചെയ്തവരാണ് അതിനു പിന്നിലെന്നും മെമ്മോയ്ക്കുള്ള മറുപടിയിൽ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്. ഈ വാദം അംഗീകരിക്കപ്പെട്ടാൽ അദ്ദേഹത്തിനു സർവീസിൽ തിരികെയെത്താൻ വഴിയൊരുങ്ങും. മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയാണെന്ന് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറഞ്ഞത്.
ഫോണിലെ വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ, അക്കാര്യം തെളിയിക്കാൻ പൊലീസിനായില്ല. അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനു സസ്പെൻഷനിലായ എൻ.പ്രശാന്തിന്റെ സർവീസ് സംബന്ധിച്ച കാര്യം ഇന്നലെ ചർച്ചയ്ക്കെടുത്തില്ല. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകിയിട്ടില്ലെന്നാണ് റിവ്യു കമ്മിറ്റിയുടെ നിലപാട്. മറുപടി ലഭിച്ച ശേഷമേ തുടർ നടപടിയുടെ കാര്യം തീരുമാനിക്കൂ.