പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രതീതി നല്‍കിയതിന് എന്‍.എന്‍.കൃഷ്ണദാസിനെതിരെ സി.പി.എം. തിരഞ്ഞെടുപ്പിനിടെയുണ്ടായ അച്ചടക്കനടപടി. നീല ട്രോളി ബാഗ് വിഷയത്തിലാണ് നടപടി. കൃഷ്ണദാസിന്‍റെ പ്രസ്താവനകള്‍ പാര്‍ട്ടിവിരുദ്ധ സമീപനമായി കണ്ട് സംസ്ഥാന സമിതി താക്കീത് ചെയ്തുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ഒന്നിച്ച് പോകുന്ന ഘട്ടത്തില്‍ കൃഷ്ണദാസ് നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടെന്ന പ്രതീതി വരാന്‍ കാരണമായെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. കൃഷ്ണദാസ് തിരുത്തി മുന്നോട്ടു പോകുന്നതിനാണ് പാര്‍ട്ടി അച്ചടക്ക നടപടിയായി താക്കീത് പരസ്യമാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി. അതേസമയം എന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് എല്ലാവരും പറഞ്ഞാല്‍ തിരുത്തുമെന്ന് എന്‍.എന്‍. കൃഷ്ണദാസ് പ്രതികരിച്ചു. സിപിഎം സംസ്ഥാന സമിതിയില്‍ നിലപാട് അറിയിച്ചിട്ടുണ്ട്.
അതേസമയം, എന്‍.എം.വിജയന്‍റെ ആത്മഹത്യയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെന്ന് വ്യക്തമായെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ചോദ്യംചെയ്യണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം എഴുതിയ കത്തുകള്‍ രാഹുലും പ്രിയങ്കയും തള്ളിക്കളഞ്ഞെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.