കലൂരിലെ വിവാദ നൃത്ത പരിപാടിയിൽ കൊച്ചി കോർപ്പറേഷൻ, ജിസിഡിഎ ഉദ്യോഗസ്ഥരുടെ പങ്കിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃദംഗ വിഷന് കരാർ നൽകിയ രേഖകൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. സംഘാടകരുടെ സാമ്പത്തിക ഇടപാടുകളെകുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘാടകര്‍ പിരിച്ച പണം എങ്ങോട്ടുപോയെന്ന് പരിശോധിക്കുന്നുവെന്നും കമ്മിഷണര്‍.
അതേസമയം, ഉമ തോമസിന് പരുക്കേറ്റ കേസിൽ വിവാദ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകരിലൊരാളായ ജനീഷ് പി.എസ് പിടിയിലായി. ഓസ്കർ ഇവന്റ്സ് ഉടമ ജനീഷിനെ ഇന്ന് രാവിലെയാണ് തൃശൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജനീഷ് ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലെന്നായിരുന്നു വിശദീകരണം നൽകിയത്. ഇന്നലെ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനമുണ്ടായതോടെയാണ് ജനീഷിനെ പൊലീസ് രാവിലെ തന്നെ പിടികൂടിയത്. കേസിൽ ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ അടക്കം നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളുടെ മരണത്തിന് ഇടയാക്കുന്ന രീതിയിൽ സുരക്ഷാക്രമീകർണങ്ങളില്ലാതെ പരിപാടി സംഘടിപ്പിച്ചതടക്കം ജാമ്യമില്ല വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
വിവാദ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ ചതവും, തുടർന്നുണ്ടായ അണുബാധയും ഭേദപ്പെട്ടു തുടങ്ങി. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്നതിനനുസരിച്ച് ഉമ തോമസിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് റൂമിലേക്ക് മാറ്റുന്നതിൽ ഡോക്ടർമാർ തീരുമാനമെടുക്കും.