vijeesh-vijayan-son

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്‍റെ ആത്മഹത്യയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീഷനെതിരെ വി‍ജയന്‍റെ കുടുംബം. അച്ഛന്‍റെ വാക്കിന്‍റെ പുറത്താണ് സതീശനെ കാണാൻ പോയതെന്ന് മകന്‍ വിജീഷ്. ‘പാർട്ടി നേതാവ് പറയണ്ട രീതിയിലല്ല തന്നോട് സതീശന്‍ സംസാരിച്ചത്. ഭീഷണിപ്പെടുത്തേണ്ട കാര്യം എനിക്കില്ല, അച്ഛൻ പറഞ്ഞതാണ് ഞാ‍ന്‍ ചെയ്തത്. പാർട്ടിയുടെ നേതാക്കളിൽ നിന്ന് നീതി കിട്ടും എന്ന് പ്രതീക്ഷയില്ലെന്നും വിജീഷ് പറഞ്ഞു. വിജിലന്‍സിന് മൊഴി നല്‍കിയശേഷമായിരുന്നു വിജീഷിന്‍റെ പ്രതികരണം.

 

വിജയന്‍ ആത്മഹത്യയ്ക്ക് മുന്‍പെഴുതിയ കത്തുകള്‍ പുറത്ത് വന്നിരുന്നു. നിയമനത്തിനെന്ന പേരില്‍ പണംവാങ്ങിയത് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ആണെന്നും, ബാധ്യത കുമിഞ്ഞപ്പോള്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും കത്തില്‍ എന്‍.എം.വിജയന്‍ പറയുന്നുണ്ട്. മൂന്ന് ഡി.സി.സി പ്രസിഡന്‍റുമാര്‍‍ പണം പങ്കിടുന്നതിലെ തര്‍ക്കമാണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം പറയുന്നു. അതേസമയം കത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നുവെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു. സത്യാവസ്ഥ പരിശോധിച്ച ശേഷം പ്രതികരിക്കാം. കുടുംബത്തിന്‍റെ മുന്നില്‍വച്ചു തന്നെ കത്ത് വായിച്ചു. കത്ത് കിട്ടിയില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കത്ത് കൈമാറാന‍് വന്നപ്പോള്‍ മകന്‍റേത് ഭീഷണി സ്വരമായിരുന്നെന്നും വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.

കെ.പി.സി.സി പ്രസിഡന്‍റിനടക്കം നേതാക്കൾക്കെഴുതിയ നാലുകത്തുകളും മകൻ വിജീഷിനെഴുതിയ കത്തുമാണ് പുറത്തുവന്നിരിക്കുന്നത്. ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമന കോഴയും താനെന്തിന് ആത്മഹത്യ ചെയ്യുന്നുവെന്ന കാര്യവും എൻ.എം വിജയൻ കത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. ആത്മഹത്യക്കു പിന്നാലെ കത്ത് നേതാക്കൾക്ക് കൈമാറണമെന്നും നടപടിയെടുത്തില്ലെങ്കിൽ ആത്മഹത്യക്കുറിപ്പ് പൊലീസിനും മാധ്യമങ്ങൾക്കും നൽകണമെന്നും കത്തിൽ പറയുന്നുണ്ട്. നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആത്മഹത്യ കുടുംബ പ്രശ്നം മൂലമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് മകൻ വിജീഷും മരുമകൾ പത്മജയും പ്രതികരിച്ചിരുന്നു. 

ബാങ്ക് നിയമനക്കോഴയിൽ ഡിസിസിയുടെ മാറി വന്ന മൂന്ന് പ്രസിഡണ്ടുമാർ തമ്മിലുണ്ടായ പണം പങ്കുവയ്ക്കുന്നതിലെ തർക്കമാണ് പ്രശ്‌നത്തിന്‍റെ തുടക്കമെന്നും ഐ.സി.ബാലകൃഷ്ണൻ എംഎല്‍എയുടെ നിർദ്ദേശപ്രകാരം 7 ലക്ഷം രൂപ വാങ്ങി നൽകിയെന്നും കത്തിലുണ്ട്. 2 ലക്ഷം രൂപ  മാത്രമാണ് ഐ.സി.ബാലകൃഷ്ണന്‍ തിരികെ നൽകിയത്. ബാക്കി 5 ലക്ഷം രൂപ തൻ്റെ ബാധ്യതയായി. എൻ.ഡി. അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു. അത് കോടതിയിൽ കേസായി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിന്‍റെ ബാധ്യതയായി. ബാധ്യതകൾ തലയ്ക്കു മുകളിൽ നിന്നപ്പോഴും നേതാക്കൾ തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം പറഞ്ഞു. ആത്മഹത്യ ചെയ്തിട്ടും വീട്ടിൽ ഒരു നേതാവും വന്നില്ലെന്നും പിന്നെയും കുറ്റപ്പെടുത്തലുകളാണുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു.

ENGLISH SUMMARY:

N.M. Vijayan’s family holds Opposition Leader V.D. Satheesan accountable in the aftermath of the DCC treasurer's suicide. Read Vijeesh’s statements and latest developments.