കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിലയ്ക്കും. 90 കോടി രൂപയുടെ കുടിശിക തന്നുതീര്‍ത്തില്ലെങ്കില്‍ മരുന്ന് വിതരണം നിര്‍ത്തേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വടക്കന്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധിയാകും ഉണ്ടാവുക.
ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ വലയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുവിതരണം കൂടി നിലയ്ക്കുന്നതോടെ രോഗികളുടെ ദുരിതം ഇരട്ടിയാവും.
ന്യായവില മരുന്ന് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ടെന്‍ഡറിലൂടെയാണ് വിതരണക്കാര്‍ മരുന്നുനല്‍കുന്നത്. കുറഞ്ഞനിരക്കില്‍ മരുന്ന് നല്‍കിയ വകയിലാണ് 90 കോടി രൂപയുടെ കുടിശ്ശിക.
ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണക്കാര്‍ക്കും കോടികണക്കിന് രൂപ നല്‍കാനുണ്ട്. കഴിഞ്ഞവര്‍ഷം സമാനപ്രതിസന്ധി ഉരുത്തിരിഞ്ഞുവന്നപ്പോള്‍ 30 ശതമാനം പണം നല്‍കിയാണ് സമരം ഒഴിവാക്കിയത്.
ഈ മാസം 10 മുതല്‍ മരുന്ന് വിതരണം നിര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.
മരുന്ന് വിതരണം ചെയ്ത് 90 ദിവസത്തിനുള്ളിലെങ്കിലും പണം നല്‍കണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.