rajan-khobragade

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്‍റ്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ.ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിർദേശം. 2023ലായിരുന്നു ഡോ.ഉണ്ണികൃഷ്ണന് സ്ഥാനക്കയറ്റം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

 

ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹര്‍ജിയും സുപ്രിംകോടതി തള്ളി. തുടര്‍ന്നാണ് ഉത്തരവിറക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയത്. എന്നാൽ ഡോ.ബി ഉണ്ണികൃഷ്ണന് അനുകൂലമായ തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ അറസ്റ്റ് വാറന്റ്.

ENGLISH SUMMARY:

The Kerala High Court has issued an arrest warrant against Health Department Principal Secretary Rajan Khobragade for failing to implement a promotion order for a differently-abled doctor, as per a 2023 ruling.