തനിക്കെതിരെയുള്ള ലൈംഗികാധിക്ഷേപങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി ഹണി റോസ്. ശക്തമായ നടപടി ഉറപ്പുനല്‍കിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊലീസിനും നന്ദി. ഭരണഘടന വാഗ്ദാനം ചെയ്ത പൗരന്റെ അവകാശം തേടിയായിരുന്നു പോരാട്ടമെന്നും ഹണി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്. ഒരുകൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ, അശ്ലീല ദ്വയാര്‍ഥ കമന്‍റുകളും പ്ലാന്‍ഡ് കാമ്പയിനും മതി. സമൂഹമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടും. പ്രതിരോധിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്‍റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്‍റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായ ഉറപ്പുനല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയന്‍ അദ്ദേഹത്തിനും കേരളപൊലീസിനും ഞാനും എന്‍റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു’ ഹണി റോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് പരിസരത്തു നിന്ന് അറസ്റ്റ് ചെയ്ത ബോബിയെ ഉടന്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിക്കും. കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘമാണ് ബോബിയെ പിടികൂടിയത്. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കാര്‍ വളഞ്ഞ് പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ദ്വയാര്‍ഥപ്രയോഗത്തിലൂടെ ലൈംഗികാധിക്ഷേപം നടത്തുന്നതിന്‍റെ വിഡിയോ സഹിതം നല്‍കിയ പരാതിയില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.