വയനാട്ടിലെ നിയമനക്കോഴയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് ബത്തേരി പൊലീസ് . ഡിസിസി ട്രഷററായിരുന്ന എന്‍.എം.വിജയന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി താളൂര്‍ സ്വദേശി പത്രോസും പുല്‍പ്പള്ളി സ്വദേശി സായൂജും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പുല്‍പ്പള്ളി അര്‍ബന്‍ സഹകരണബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സായൂജിന്‍റെ പരാതി. മകന് ജോലി നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് പത്രോസിന്‍റെ പരാതി. വഞ്ചനാക്കേസില്‍ യു.കെ പ്രേമന്‍, സി.ടി ചന്ദ്രന്‍, മണ്ണില്‍ സക്കറിയ, ജോര്‍ജ് കുര്യന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ എന്‍.എം. വിജയനെയും പൊലീസ് പ്രതിയാക്കിയിട്ടുണ്ട്. അതേസമയം സായൂജിന്‍റെ പരാതിയില്‍ മണ്ണില്‍ സക്കറിയയും ജോര്‍ജ് കുര്യനുമാണ് പ്രതികള്‍.
അതിനിടെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ കെപിസിസി അന്വേഷണ സമിതി വയനാട്ടിലെത്തി. ഡിസിസിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷം എന്‍.എം.വിജയന്‍റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കും. ഡിസിസി പ്രസിഡന്‍റ് എന്‍.ഡി.അപ്പച്ചന്‍, ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണൻ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉപസമിതി തെളിവെടുപ്പും പരാതികളും കേൾക്കും. ടി.എൻ.പ്രതാപൻ, സണ്ണി ജോസഫ് എംഎൽഎ, കെ.ജയന്ത് തുടങ്ങിയവരാണ് സമിതിയിൽ ഉള്ളത്. അതേസമയം എന്‍.എം. വിജയന്‍റെ ആത്മഹത്യാക്കുറിപ്പ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാന്‍ അനുമതിതേടി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.