വേഷത്തിനു മാർക്കൊന്നും ഇല്ലെങ്കിലും ഏറ്റവും വ്യത്യസ്തമായ വേഷക്കാരത്തുന്നത് നാടൻപാട്ട് വേദിയിലാണ്. ചിലർക്ക് രംഗ ഭംഗി കൂട്ടാനാണ് വേഷമെങ്കിൽ ചിലർക്ക് അത് ഒരു വിപ്ലവമാണ്
കലോത്സവത്തിൽ നാടൻപാട്ട് മത്സരം തുടങ്ങിയ കാലം പോലെയല്ല ഇപ്പോൾ. മത്സരം മുറുകി. കേരളത്തിലെ വിവിധ വിഭാഗങ്ങളുടെ തനത് പാട്ടുകൾ അരങ്ങിലെത്തി. ചിലരൊക്കെ പാട്ട് എടുത്ത കലാരൂപത്തിന്‍റെ വേഷങ്ങൾ അണിഞ്ഞു. പുള്ളുവൻ പാട്ട്, പടയണിപ്പാട്ട്, ആദിവാസി വിഭാഗങ്ങളുടെ വിവിധ പാട്ടുകൾ തുടങ്ങിയവയൊക്കെ അരങ്ങിൽ എത്തിയപ്പോൾ വ്യത്യസ്തമായ വേഷങ്ങളും തേടി തുടങ്ങി. വലിയ വേഷങ്ങൾ ഒന്നുമില്ലാത്ത കലാരൂപങ്ങളുടെ പാട്ടുകൾക്ക് നിറം കൊടുത്തു.
നാട്ടു കലാകാരന്മാർക്ക് വ്യത്യസ്തങ്ങളായ വേഷങ്ങൾ ധരിച്ചു കൂടെ എന്നാണ് പാട്ടുകാരുടെ ചോദ്യം. കാട്ടുനായ്ക്കരുടെ തോട്ടിപ്പാട്ട്, വെള്ളാടി വിഭാഗത്തിന്‍റെ വൈത്തരച്ചിപ്പാട്ട് തുടങ്ങിയവയ്ക്കൊക്കെ രംഗത്ത് നൽകിയത് വ്യത്യസ്തമായ വേഷങ്ങളാണ്. വേഷത്തിൽ പരിഷ്കാരമുണ്ടെങ്കിലും ഉപയോഗിക്കുന്ന വാദ്യങ്ങളും ഭാഷയും രീതിയും തനത് സമ്പ്രദായം എന്ന് പാട്ടുകാർ പറയുന്നു.