സ്പെഡക്സ് വിക്ഷേപണം ചന്ദ്രയാന്‍ 4ന് മുതല്‍ക്കൂട്ടാകുമെന്ന് നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി.നാരായണന്‍. ഗഗന്‍യാനും ചന്ദ്രയാനുമാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാനായി തന്നെ തിരഞ്ഞെടുത്തത് വലിയ ബഹുമതിയാണെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചതിന് രാജ്യത്തോട് നന്ദി പറയുന്നു. എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. നിലവിലെ ചെയര്‍മാന്‍ എസ്. സോമനാഥ് നല്ല മാനേജറും ടീം ലീഡറുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ എല്പിഎസ്സി മേധാവിയായ ഡോ.നാരായണന്‍ കന്യാകുമാരി സ്വദേശിയാണ്. നിലവിലെ ചെയര്‍മാന്‍ എസ്.സോമനാഥിന്‍റെ കാലാവധി കഴിയുന്നതോടെയാണ് ഡോ.നാരായണനെ ചെയര്‍മാനായി തീരുമാനിച്ചത്. അടുത്ത ചൊവ്വാഴ്ചയോടെ അദ്ദേഹം ചുമതലയേല്‍ക്കും. 1984 ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്ന നാരായണന്‍ ജിഎസ്എല്‍വി റോക്കറ്റ് വികസിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഗോരഖ്പുര്‍ ഐഐടിയില്‍ നിന്ന് ക്രയോജനിക് എന്‍ജിനീയറിങ് സ്വര്‍ണമെഡലോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നാളെ നടക്കുന്ന സ്പെഡെക്സ് പരീക്ഷണമാകും ചെയര്‍മാനായി സോമനാഥ് നയിക്കുന്ന അവസാന ദൗത്യം.