• ഹണി റോസിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും
  • ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
  • ബോബിക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ നടി ഹണി റോസിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. നിലവിൽ എഴുതി നൽകിയ പരാതി അടിസ്ഥാനപ്പെടുത്തിയുള്ള മൊഴിയെടുപ്പിന് ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നതിൽ തീരുമാനമെടുക്കും. 

തെളിവുകൾ കൂടി ശേഖരിച്ച ശേഷം ബോബി ചെമ്മണ്ണൂരിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. അറസ്റ്റിനുള്ള സാധ്യതയുള്ളതിനാൽ ബോബി  മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കും. നിലവിൽ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. 

സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമ്മത്തിയിട്ടുണ്ട്. ഹണിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ തെളിവുകൾ സഹിതമാണ് ഹണി റോസ് പരാതി നൽകിയത്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശം നടത്തിയെന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പരാതി നൽകിയതെന്ന് ഹണി റോസ് പ്രതികരിച്ചു. പരാതിക്കാരിയെന്ന നിലയിൽ തന്റെ പേര് മാധ്യമങ്ങൾ മറച്ചുവയ്ക്കരുതെന്ന് ഹണി റോസ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബലമായി കൈ പിടിച്ചിട്ടില്ല. ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞില്ല. ആഭരണങ്ങള്‍ അണിയിച്ചിരുന്നു; മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ട്. താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്‍റുകളായി വളച്ചൊടിക്കുന്നെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. 

ENGLISH SUMMARY:

In the complaint against Bobby Chemmanur for allegedly insulting womanhood, actress Honey Rose's detailed statement will be recorded today. Following the statement, based on the written complaint submitted earlier, a decision will be made on whether to include additional charges.