സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയില്‍ ഹണി റോസിനെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ്. ഹണി റോസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് ഡബ്ല്യുസിസി രംഗത്തെത്തിയത്. അതേസമയം ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർച്ചയായി തന്നെ പിന്തുടർന്ന് ലൈംഗിക ചുവയോടെ അധിക്ഷേപം തുടർന്നുവെന്നും തനിക്കും കുടുംബത്തിനും മാനസിക പീഡനമുണ്ടായെന്നും പരാതിയിൽ ഹണി പറയുന്നു. പരാതിക്കാരിയെന്ന നിലയിൽ തന്റെ പേര് മാധ്യമങ്ങൾ മറച്ചുവയ്ക്കരുതെന്നും ഹണി റോസ് മനോരമ ന്യൂസിനോട് പറഞ്ഞു.

നേരിട്ടും ഫെയ്സ്ബുക്കിലൂടെയും നൽകിയ മുന്നറിയിപ്പെല്ലാം അവഗണിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പൊലീസിന് പരാതി നൽകിയത്. ദ്വയാർഥംവച്ചുള്ള ലൈംഗിക അധിക്ഷേപത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന വ്യക്തമാക്കിയതിന് പിന്നാലെയാണ് നടി നിയമനടപടിക്ക് തുടക്കമിട്ടതും. കേസ് നൽകിയതിന് പിന്നാലെ താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കും തന്റെ വിശ്വാസം നിയമത്തിലാണെന്ന് നടി ഫെയ്സ്ബുക്കിൽ കുറിച്ചു. പരാതിക്കാരിയെന്ന നിലയിൽ തന്റെ പേര് മാധ്യമങ്ങൾ മറച്ചുവയ്ക്കരുതെന്ന് ഹണി റോസ്  മനോരമ ന്യൂസിനോട് പറഞ്ഞു. തന്റെ പേര് വിളിച്ചുപറഞ്ഞായിരുന്നു അധിക്ഷേപമെന്നിരിക്കെ താൻ പരാതി പറയുമ്പോൾ എന്തിന് തന്റെ പേര് മറച്ചുവയ്ക്കുന്നതെന്നും ഹണി റോസ് ചോദിച്ചു. കേസിൽ വൈകാതെ ഹണി റോസിന്റെ മൊഴിയെടുക്കും. ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യാനും വിളിപ്പിക്കും.

ENGLISH SUMMARY:

The Women's in Cinema Collective (WCC) has voiced their support for Honey Rose, who has filed a case against Bobby Chemmanur for allegedly insulting her womanhood.