ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ സിന്‍സി അനിലിന്റെ പ്രതികരണം. നേരത്തേ ബോബിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയ വ്യക്തിയായിരുന്നു സിന്‍സി. ഈ പ്രതിഷേധത്തിന്റെ പേരില്‍ ബോബി ചെമ്മണ്ണൂരിന്റ ആരാധകരില്‍ നിന്നടക്കം വലിയ സൈബറാക്രമണം സിന്‍സിക്ക് നേരിടേണ്ടി വന്നു.
‘അന്ന് ആരെങ്കിലും ഒന്ന് എന്നെ പിന്തുണച്ചിരുന്നെങ്കില്‍ ’എന്നുപറഞ്ഞാണ് സിന്‍സിയുടെ കുറിപ്പ് തുടങ്ങുന്നത്. ഒപ്പം പഴയ ഒരു വിഡിയോയും സിന്‍സി പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ബോബിയുടെ സ്ത്രീകള്‍ക്കെതിരായ ഒരു മോശം പരാമര്‍ശത്തിനെതിരെയാണ് അന്ന് സിന്‍സി പ്രതികരിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിലപ്പുറം മോശം അനുഭവങ്ങളാണ് പിന്നീടുണ്ടായത്. അന്നത്തെ സംഭവങ്ങളെല്ലാം തുറന്നുപറഞ്ഞും ബോബി ചെമ്മണ്ണൂര്‍ സിന്‍സിയോട് മാപ്പ് പറയുന്നൊരു വിഡിയോയും ചേര്‍ത്താണ് സിന്‍സി ഹണി റോസിന്റ പോസ്റ്റിനു താഴെ തന്റെ ദുരനുഭവങ്ങള്‍ ചേര്‍ത്തു പോസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ആദ്യം എ.ആര്‍.ക്യാംപിലെത്തിച്ചു. തുടര്‍ന്ന് ബോബിയുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു.
ലൈംഗിക അതിക്രമത്തിന് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. തനിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയോ തെളിവുകൾ സഹിതമാണ് താരം പരാതി നൽകിയത്.
അതിനിടെ പരാതിക്കാരിയായ ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. താന്‍ നല്‍കിയ പരാതിയില്‍ വേഗത്തില്‍ നടപടിയുണ്ടായത് ആശ്വാസകരമെന്ന് ഹണിറോസ് മനോരമന്യൂസിനോട് പ്രതികരിച്ചു. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് ഉറപ്പായെന്നും അവര്‍ വ്യക്തമാക്കി.